കണ്ണൂർ:-സേവനം നിഷേധിക്കാന്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്ക് പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം. ആളുകളെ പ്രയാസപ്പെടുത്താനാണോ ഒരു ഓഫീസ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഉദ്യോഗസ്ഥര്‍ ചിന്തിക്കണം. താഴെ തലം മുതല്‍ ഉയര്‍ന്ന തലം വരെ ഏത് ഉദ്യോഗസ്ഥനായാലും സേവനം നല്‍കുകയാണ് കടമ.നിഷേധ നിലപാടുകള്‍ അംഗീകരിക്കില്ല. കെട്ടി കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമായി വൈകിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യറാവാതെ വലിയ മോഹത്തോടെ നടന്നാല്‍ ഉള്ളതും പോകുന്ന സ്ഥിതിയുണ്ടാവും. അക്കാര്യം ഓര്‍മ്മ വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ മേഖലകളും കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു സേവനത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ കാലതാമസം ഉണ്ടാകരുത്. ഇത് പരിഗണിച്ചാണ് അതിവേഗതയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് എളുപ്പം കാര്യം നടക്കാന്‍ 805 സേവനങ്ങളാണ് ഓണ്‍ ലൈനാക്കിയത്. മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി തീര്‍പ്പാക്കും. വകുപ്പ് സെക്രട്ടറിമാരുടെ ചുമതലയിലാവുമിത്. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം അതാത് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ട് നിലകളിലായി ഒരുക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചിമുറി എന്നിവയും രണ്ടാം നിലയില്‍ റെക്കോര്‍ഡ് റൂം, ഓഫീസ് മുറി, ശുചിമുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാരത്ത്, വാര്‍ഡ് അംഗങ്ങളായ കെ കെ ശശീന്ദ്രന്‍, അഭിലാഷ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.