കണ്ണൂർ:- മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ലീഗ് സംസ്ഥാന പര്യടനം ഇന്ന് വ്യാഴാഴ്ച്ച കാസർക്കോട്ടുനിന്ന്് ആരംഭിച്ചു. നാളെ വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക് റോയൽ ഒമേർസ് ഹോട്ടലിൽ ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് മൂന്നുമണിക്ക് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ കൺവെൻഷൻ നടക്കും. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, കെ.എം. ഷാജി എന്നിവർ സംസാരിക്കും. എ.പി. അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് സംഭവത്തിൽ നാലുപേർക്കെതിരേ സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി പി. കുഞ്ഞിമുഹമ്മദ് പറഞ്ഞു.
സെക്രട്ടറി അബ്ദുൽകരിം ചേലേരി, വി.പി. വമ്പൻ, കെ.പി. താഹിർ, എം.പി.എ. റഹിം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.