കണ്ണൂർ:-ഔദ്യോഗിക വേഷത്തിലെത്തിയ സൈനികരെ കണ്ടപ്പോള്‍ ആദ്യം കുട്ടികളൊന്നു പരുങ്ങി. എന്നാല്‍ കളിപ്പാട്ടങ്ങള്‍ കിട്ടിയപ്പോള്‍ മുഖത്ത് മെല്ലെ ചിരി വിടര്‍ന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കാന്‍ കണ്ണൂരിലെ പ്രതിരോധസുരക്ഷാ സേനയിലെ രണ്ട് ഓഫീസര്‍മാരും ഒമ്പത് സൈനികരും അടങ്ങുന്ന (ഡി എസ് സി) സംഘമെത്തിയത്. അങ്കണവാടി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കാനത്തൂര്‍ സൗത്ത്, താവക്കര വെസ്റ്റ്, ചിറക്കല്‍കുളം, ആയിക്കര അങ്കണവാടികളാണ് സംഘം സന്ദര്‍ശിച്ചത്. ഡി എസ് സി സംഘം അങ്കണവാടി കുട്ടികളും ജീവനക്കാരുമായി സംസാരിച്ചു. കുട്ടികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ വികാസത്തിന് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ചു. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, കസേരകള്‍, മേശ, പഠന മേശ, ചിത്രരചനാ പുസ്തകങ്ങള്‍ എന്നു തുടങ്ങി വിവിധ ഉപകരണങ്ങള്‍ സംഘം വിതരണം ചെയ്തു. കുട്ടികളുടെ നല്ല ഭാവിക്കായി എന്ത് തരത്തിലുള്ള പിന്തുണക്കും സൈന്യം കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കിയാണ് സംഘം മടങ്ങിയത്