പാലക്കാട്:- പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ഇന്ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശു ഇന്നലെ മരണപ്പെട്ടിരുന്നു. കുഞ്ഞിൻ്റേയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.
സംഘർഷസാധ്യത വൻ പൊലീസ് സന്നാഹമാണ് ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്കം ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇവിടെ വച്ചാവും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയിൽ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തുടർനടപടികൾ സ്വീകരിക്കാൻ സഹകരിക്കണമെന്നും ആശുപത്രിയിൽ നിന്നും പിരിഞ്ഞു പോകണമെന്നും പോലിസ്ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കർശന നിലപാടിലാണ്ബന്ധുക്കൾ. ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ചതെന്നും അവർ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതികൾ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.