ചീമേനി: ബൈക്കിൽ രാജ്യപര്യടനത്തിനായി ഇറങ്ങിയ തൃശ്ശൂർ സ്വദേശിയായ യുവാവ് ചീമേനിയിലെ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി പൂവ്വത്തുംകടവിൽ പി.എസ്. അർജുൻ (31) ആണ് മരിച്ചത്. ഒമ്പതു വർഷത്തോളം വിദേശത്തായിരുന്ന അർജുൻ ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. മെക്കാനിക്കൽ എൻജിനീയറായിരുന്നു.
തൃശ്ശൂരിൽനിന്ന് ബൈക്കിൽ യാത്രതിരിച്ച അർജുൻ ചൊവ്വാഴ്ച വൈകീട്ടാണ് സൗദി അറേബ്യയിൽ കൂടെ ജോലിചെയ്തിരുന്ന ചീമേനി വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിൽ എത്തിയത്. പര്യടനത്തിന്റെ ആദ്യദിനം മോഹനന്റെ വീട്ടിൽ താമസിച്ച് അടുത്തദിവസം യാത്ര തുടരുകയായിരുന്നു ലക്ഷ്യം. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഒൻപതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശ്ശൂരിൽനിന്നു വരുന്ന വഴി കൈ കുഴയുന്നതുപോലെ തോന്നിയതിനാൽ തലശ്ശേരിയിൽ ഡോക്ടറെ കാണുകയും ഇ.സി.ജി. എടുക്കുകയും ചെയ്തിരുന്നുവെന്ന് ചീമേനി പോലീസ് പറഞ്ഞു. അച്ഛൻ: സിദ്ധാർഥൻ (പാച്ചുണ്ണി). അമ്മ: ഉഷ (റിട്ട. അധ്യാപിക, പനങ്ങാട് ഹൈസ്‌കൂൾ). ഭാര്യ: അഞ്ജന. ഏക മകൻ: ദേവിക്‌ഡ്രോൺ. സഹോദരൻ: അരുൺ. ചീമേനി പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച 8.30-ന് വീട്ടുവളപ്പിൽ.