പാപ്പിനിശ്ശേരി:-ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെ, കരുതലിന്റെ അനുഭവപാഠം പകരാൻ എല്ലാ സൗകര്യങ്ങളുമുള്ള 'സ്‌പെയ്‌സ് റിസോഴ്സ് റൂം' ജില്ലയിൽ തയ്യാറായി. വീട്ടിലെ മുറിയിൽ കിടന്ന് ജനാലയിലൂടെ അരിച്ചെത്തുന്ന ആകാശത്തിന്റെ ഇത്തിരിവെട്ടം മാത്രം കണ്ട് മടുത്ത കുഞ്ഞുകണ്ണുകളിൽ ഇനി അക്ഷരോത്സവം പ്രകാശം പരത്തും. പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇഎംഎസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, മാടായി ഉപജില്ലയിലെ മാടായി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലാണ് സ്‌പെയ്‌സ് റൂം എന്ന സവിശേഷമായ ഭിന്നശേഷി സൗഹൃദ പഠനമുറികൾ സജ്ജീകരിച്ചിരിക്കുന്നത്.
ശാരീരിക പരിമിതികൾ കാരണം സ്‌കൂളുകളിൽ എത്താൻ കഴിയാതെ കിടപ്പിലായ കുട്ടികൾക്ക് ക്ലാസ് മുറികളിലെ പഠനാനുഭവങ്ങളും സൗഹൃദത്തിന്റെ ഊഷ്മളതയും അനുഭവവേദ്യമാക്കാൻ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് സ്‌പെഷൽ പ്ലാറ്റ്‌ഫോം ടു അച്ചീവ് ക്ലാസ്‌റൂം എക്‌സ്പീരിയൻസ് ഫോർ ബെഡ്‌റിഡൺ ചിൽഡ്രൻ (സ്‌പെയ്‌സ്). പദ്ധതി നടത്തിപ്പിന് പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെയും തെറാപ്പിസ്റ്റുകളുടെയും സാധാരണ അധ്യാപകരുടെയും സേവനം ഈ സ്‌കൂളുകളിൽ ലഭ്യമാക്കും. സ്‌പെയ്‌സ് സംവിധാനം സജ്ജീകരിച്ച സ്‌കൂൾ കെട്ടിടത്തിൽ ചിത്രങ്ങൾ വരച്ച കൈവരികളോടു കൂടിയ പഠന മുറി, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, വീൽചെയർ പാത എന്നീ സൗകര്യങ്ങളും വാട്ടർ ബെഡ്, എയർ ബെഡ്, വീൽ ചെയർ, ട്രെഡ് മില്ല്, ട്രൈ സൈക്കിൾ, വാക്കർ, ടെലിവിഷൻ, സ്പീക്കർ, പ്രത്യേക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി സംവിധാനങ്ങൾ, ബുദ്ധിവികാസത്തിനുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഡോക്ടറുടെ സേവനം, അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങൾ എന്നിവ ലഭ്യമാക്കും.
ജില്ലയിൽ കിടപ്പുരോഗികളായ 212 വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് സ്‌കൂൾ ജീവിതത്തിന്റെ നേരനുഭവം ലഭിക്കുന്നില്ല. നിലവിൽ ആഴ്ചയിൽ ഒരിക്കൽ സ്‌പെഷൽ എജുക്കേറ്റർമാർ വീടുകളിലെത്തി ക്ലാസെടുക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് സ്‌കൂളിന്റെ അന്തരീക്ഷം പരിചയപ്പെടുത്താനും മറ്റ് കുട്ടികളുമായി ഇടപഴകാനും 'സ്‌പെയ്‌സ്' അവസരമൊരുക്കും. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകാനുള്ള പദ്ധതിയും എസ്എസ്‌കെ നടപ്പാക്കും.
ഓരോ ബ്ലോക്ക് റിസോഴ്‌സ് സെൻററിനും (ബിആർസി) കീഴിലുള്ള കിടപ്പുരോഗികളായ കുട്ടികളെ ഓരോദിവസം 'സ്‌പെയ്‌സ്' കേന്ദ്രത്തിൽ എത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഭാവിയിൽ ഇത്തരംകൂടുതൽ കേന്ദ്രങ്ങൾ തുറക്കാനും ആലോചനയുണ്ട്.