കണ്ണൂരിൽ ബക്രീദ് ഖാദി മേളക്ക് തുടക്കം

 


കണ്ണൂർ:-കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടത്തുന്ന ബക്രീദ് ഖാദി മേള തുടക്കമായി. ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഖാദി സമ്മർകൂൾ ഷർട്ട്, ഖാദി സമ്മർകൂൾ സിൽക്ക് സാരി, ഡാക്ക മസ്ലിൻ ഷർട്ട് പീസുകൾ, മനില ഷർട്ടിങ്, ഖാദി മുണ്ട്, ദോത്തികൾ എന്നിവയാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.  30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും. തിരുവനന്തപുരം സുന്ദരിപ്പട്ടാണ് മേളയിലെ പ്രധാന ആകർഷണം. 5000 മുതൽ 9500 വരെ വില വരുന്ന ഇതിന് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. ഖാദി ഉൽപ്പന്നങ്ങളായ തേൻ നെല്ലിക്ക, മസാജ് ഓയിൽ, ബേബി ഫുഡ്, ഹെയർ ഓയിൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് 50,000 രൂപ വരെയുള്ള ഖാദി ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾമെൻറായും ലഭിക്കും. ജൂലൈ എട്ട് വരെയാണ് മേള. 

എൽ എസ് ജി ഡി അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർ ഡി വി അബ്ദുൾ ജലീൽ ആദ്യ വിൽപന ഏറ്റുവാങ്ങി. 

ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, പി കെ സി ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ, ഖാദി കണ്ണൂർ പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, ഐ ഐ ടി മദ്രാസ് പ്രതിനിധികളായ പ്രൊഫ. സജി കെ മാത്യു, പ്രൊഫ. പ്രകാശ് സായ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post