ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി
കൊളച്ചേരി: 'സ്കൂളിൽ നിന്നു കിട്ടിയ നാരങ്ങ മിഠായിയാണ് ആദ്യത്തെ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഓർമ്മ.' സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ജനിച്ച മുത്തച്ഛൻമാർ കുട്ടിക്കാലത്തെ അനുഭവങ്ങൾ വിവരിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് കൗതുകം.അയിത്തമെന്ന അനാചാരത്തിനെതിരായി നണിയൂർ ദുർഗാഭഗവതി ക്ഷേത്രത്തിൽ വിഷ്ണു ഭാരതീയൻ്റെയും മറ്റു നേതാക്കളുടെയും നേതൃത്വത്തിൽ ക്ഷേത്രപ്രവേശനം നടന്നപ്പോൾ കുട്ടിയായ താനും കൂടെ പോയത് വി.കൃഷ്ണൻ കരിങ്കൽക്കുഴി ഓർത്തെടുത്തു. സ്വാതന്ത്ര്യ സമരത്തെയും കർഷകസമരത്തെയും നേരിടാൻ പറശ്ശിനി സ്കൂളിൽ ബ്രിട്ടീഷ് പോലീസ് ക്യാമ്പ് തുടങ്ങിയതിനെതിരെ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ ജാഥയിൽ പങ്കാളിയായതും, മൊറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമൻ ജയിൽ മോചിതനായപ്പോൾ അദ്ദേഹത്തെ കയരളത്തെ വീട്ടിൽ കൊണ്ടാക്കാനുള്ള ജാഥയിൽ പങ്കെടുത്തതും അദ്ദേഹം ഓർമ്മിച്ചു.
കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായാണ് എൺപതു വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാരെ ആദരിച്ചത്.ബ്രിട്ടീഷ് പോലീസ് തൻ്റെ വീട്ടിനടുത്ത് ക്യാമ്പ് ചെയ്തതും വഴി നടക്കുന്നവരെപ്പോലും ഭീകരമായി മർദ്ദിക്കുന്ന കാഴ്ച നേരിൽ കണ്ടതുമാണ് എം.വി.ജി നമ്പ്യാർ പങ്കുവെച്ചത്. പഴയ കാലത്തെ കൊടിയ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും കഥയാണ് ടി.കെ.മാധവൻ കൊളച്ചേരി കുട്ടികളോട് പറഞ്ഞത്.
എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. ടി.വി.സുമിത്രൻ, കെ.വി.ശങ്കരൻ,നമിത പ്രദോഷ്, കെ.ശിഖ, വി.വി. രേഷ്മ, ഇ.എ.റാണി, സരള.പി.പി,രമ്യ. കെ, സ്കൂൾ ലീഡർ നിപുണ എന്നിവർ ആശംസാ പ്രസംഗം നടത്തി.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു.
നേരത്തെ നടന്ന വർണശബളമായ ഘോഷയാത്രയിൽ ഝാൻസി റാണി, ഗാന്ധി, നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, സരോജിനി നായിഡു തുടങ്ങിയ നേതാക്കളുടെ വേഷമണിഞ്ഞും ദേശീയ പതാകയേന്തിയും കുട്ടികൾ അണി നിരന്നു.
കളിമുറ്റം ബോധനോദ്യാനത്തിൽ നിർമ്മിച്ച 'ഭാഷാഭാരതം' ഭൂപടം പി.പി.കുഞ്ഞിരാമൻ അനാവരണം ചെയ്തു. ഒരേ ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളെ വേർതിരിച്ച് കാണിക്കുന്ന ഭൂപടത്തിൽ ഇന്ത്യയിലെ അംഗീകൃതമായ 22 ഭാഷകളിൽ ഭാരതം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രകാരനും പൂർവ വിദ്യാർഥിയുമായ എം. ഷിജിത്ത് ആണ് ഭൂപടം തയ്യാറാക്കിയത്.