കണ്ണൂർ :- കേരള മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമമണ്ഡലം പ്രസിഡന്റ് ഫര്സീന് മജീദിനെതിരേ കാപ്പ ചുമത്താനുള്ള ഗൂഡാലോചനയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരികേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലിസുമായി വാക്തര്‍ക്കവും ഉന്തുതള്ളുമുണ്ടായി. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ചുമിനിറ്റോളം ദേശീയപാതയിലെ ഗതാഗതം മുടങ്ങി. ജലപീരങ്കി പ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ക്കും കേടുപാട് സംഭവിച്ചു. മാര്‍ച്ച് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷനായി. കമല്‍ ജിത്ത്. വിജീഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, റോബര്‍ട്ട്, ബിജു മറ്റപ്പള്ളി പങ്കെടുത്തു.