രാത്രികാല ബസ്സ് സര്‍വീസുകള്‍ ഉറപ്പാക്കണം;ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളില്‍ പെര്‍മിറ്റ് നല്‍കണം : ജില്ലാ വികസന സമിതി

 


കണ്ണൂർ:-ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ എസ് ആര്‍ ടി സി യുടെ രാത്രികാല സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനും ജില്ലാ വികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി. രാത്രി കാലങ്ങളില്‍ കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ആരംഭിക്കണം. അഴീക്കല്‍-കണ്ണൂര്‍ റൂട്ടില്‍ പുലര്‍ച്ചെയും രാത്രിയുമുണ്ടായിരുന്ന സര്‍വീസ് പുനരാരംഭിക്കണം. പഴയങ്ങാടി-കാസര്‍കോട് റൂട്ടിലെ സര്‍വീസ് പുനസ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗം നല്‍കി. ജില്ലയിലെ ബസ് സര്‍വീസ് കുറവുള്ള റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഹ്രസ്വദൂര റൂട്ട് അനുവദിക്കാന്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. പുതിയ അപേക്ഷകള്‍ ലഭിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ എസ് ടി പി റോഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി എം വിജിന്‍ എം എല്‍എ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പുനസ്ഥാപിക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പറഞ്ഞു. സ്വകാര്യ സന്നദ്ധ സംഘടനകള്‍ക്ക് പ്രീപെയ്ഡ് സംവിധാനം നല്‍കാന്‍ പറ്റില്ലെന്ന റെയില്‍വേ നിര്‍ദേശം പരിഗണിച്ച് പൊലീസുമായി ബന്ധപ്പെട്ട് പ്രീപെയ്ഡ് സംവിധാനം പുനസ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.


വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാന്‍ പ്രൈമറി തലം മുതല്‍ തന്നെ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കണമെന്ന് കെ വി സുമേഷ് എം എല്‍ എ നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടം, പൊലീസ് എക്‌സൈസ്, ജനപ്രതിനിധികള്‍ ഉള്‍പ്പെടുയുള്ളവര്‍ കൈകോര്‍ത്ത് സ്‌കൂള്‍ പ്രൈമറി തലം മുതല്‍ ലഹരിബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും ജില്ലയില്‍ ഒരു വലിയ ക്യാമ്പയിനായി ഇത് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കിയതായും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതായും എക്സൈസ്, പൊലീസ് മേധാവികള്‍ അറിയിച്ചു. മേലെചൊവ്വ, പുതിയതെരു ഭാഗങ്ങളിലെ വര്‍ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ കുറക്കുന്നതിനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

ബാവലിപ്പുഴ-കൊട്ടിയൂര്‍ ഭാഗത്തെ വെള്ളപ്പൊക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട 23 പ്രവൃത്തികള്‍ക്ക് 104.9 ലക്ഷം രൂപയുടെ പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചതായും ഫണ്ട് ലഭിക്കുന്ന മുറക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും ജലസേചന വിഭാഗം തലശ്ശേരി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മടമ്പം -അലക്സ് നഗര്‍ റോഡിന്റെ സംരക്ഷണ പ്രവൃത്തിക്കായി പൊതുമരാമത്ത് റോഡ് വിഭാഗം മുഖേന പ്രൊപ്പോസല്‍ നല്‍കിയതായും എക്സി.എഞ്ചിനീയര്‍ അറിയിച്ചു


ദേവസ്വം പട്ടയങ്ങള്‍ നല്‍കാന്‍ സമയബന്ധിതമായ ഇടപെടല്‍ വേണമെന്ന് ടി ഐ മധുസൂദനന്‍ എം എല്‍ എ പറഞ്ഞു. ഏഴിമല നേവല്‍ അക്കാദമിക്കായി പുനരധിവസിപ്പിക്കപ്പെട്ട കുറെ പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 14-ാംവാര്‍ഡില്‍ കുണ്ടന്‍ചാല്‍ ലക്ഷം വീട് കോളനിയിലെ 60 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ അറിയിച്ചു. ജില്ലയിലെ കാന്‍സര്‍ രോഗികളുടെ മുടങ്ങിയ പെന്‍ഷന്‍ ഓണത്തിനു മുമ്പ്് നല്‍കാന്‍ നടപടിയെടുത്തതായി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഡിഇ അറിയിച്ചു.

കാസര്‍കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 400 കെവി ലൈനിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നും പ്രത്യേക പാക്കേജ് വേണമെന്നും അഡ്വ. സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. പയ്യന്നൂരില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഫിഷറിസ് യൂണിവേഴ്സിറ്റിക്കായി സ്ഥലം കൈമാറിക്കിട്ടിയിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, എം വിജിന്‍, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, എഡിഎം കെ കെ ദിവാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post