ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ ചെക്കിക്കുളം പോസ്‌റ്റോഫീസിലെ തപാൽ ഉരുപ്പടികളുടെ വിതരണം വൈകുന്നതായി പരാതി


ചെക്കിക്കുളം:-
ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ ചെക്കിക്കുളം തപാൽ ഓഫീസുകളിൽ ഉരുപ്പടികളുടെ വിതരണം താളം തെറ്റുന്നതായി പരാതി ഉയരുന്നു. പോസ്റ്റ് ഓഫീസിൽ എത്തുന്ന തപാൽ ഉരുപ്പടികൾ വിലാസക്കാരന്‌ എത്തിക്കുന്നതിലെ കാലതാമസം പൊതു ജനങ്ങൾക്ക്‌ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

ഉദ്യോഗാർഥികൾക്കുള്ള ജോലി അറിയിപ്പുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയെല്ലാം തപാൽ ഓഫീസുകളിൽ ആഴ്‌ചകളോളം കെട്ടിക്കിടക്കുകയാണ്‌. ആനുകാലികങ്ങളുടെ വലിയ കെട്ടുകളും തപാൽ ഓഫീസിലെ പതിവ് കാഴ്‌ചയാണ്‌.

ആവശ്യത്തിന്‌ ജീവനക്കാർ ഇല്ലാത്തതാണ് തപാൽ ഉരുപ്പടികളുടെ സുഗമമായ വിതരണത്തിന്‌ തടസ്സമാകുന്നത്. ആളുകളെ നിയമിക്കുന്നതിലും ആവശ്യമായ വേതനം നൽകുന്നതിലും തപാൽ വകുപ്പ് കാണിക്കുന്ന അനാസ്ഥ പ്രതിസന്ധി രൂക്ഷമാക്കുന്നു.  തുഛമായ വേതനമാണ് ഗ്രാമീണ മേഖലയിൽ വിതരണം നടത്തുന്ന ജിഡിഎസ് ജീവനക്കാർക്ക് നൽകുന്നത്.

 ചെക്കിക്കുളം പോസ്‌റ്റോഫീസിന്റെ നിർജീവാവസ്ഥ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്‌ ഡിവൈഎഫ്‌ഐ. സ്ഥിരം ജീവനക്കാരനെ നിയമിക്കണമെന്നും കെട്ടിക്കിടക്കുന്ന തപാൽ ഉരുപ്പടികൾ ഉടൻ വിതരണം ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പുതുതായി  മേഖലയിലേക്ക് വരുന്ന ജീവനക്കാർക്ക് മിനിമം വേതനം നാല്‌ മണിക്കൂർ അടിസ്ഥാനമാക്കിയാണ് നൽകുന്നത്. എന്നാൽ, ഗ്രാമീണ മേഖലയിലെ ഓഫിസുകളിൽ വരുന്ന തപാൽ ഉരുപ്പടികൾ ഏഴും എട്ടും മണിക്കൂർ ജോലി ചെയ്‌താലും വിതരണം ചെയ്‌ത്‌ തീരാത്ത അവസ്ഥയാണ്. ഇത്തരം ഒഴിവുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് നാമമാത്രമായ തുകയാണ് നൽകുന്നതും. ഈ സാഹചര്യത്തിൽ പലപ്പോഴും ആരും ഈ തൊഴിൽ ചെയ്യാൻ സന്നദ്ധരാകുന്നില്ല. വരുന്നവരാകട്ടെ അധിക കാലം തുടരുന്നുമില്ല.

Previous Post Next Post