തിരുവനന്തപുരം :- രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. ഇന്ന് രാവിലെയോടെയാണ് യാത്രയുടെ കേരള പര്യടനം ആരംഭിച്ചത്. രാവിലെ ഏഴിന് പാറശ്ശാലയിൽനിന്ന് കേരളത്തിലെ പദയാത്ര ആരംഭിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക്
പാറശ്ശാലയിൽ ആവേശോജ്വല സ്വീകരണമാണ് നൽകിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാൻ എത്തിയിരുന്നു.
പാറശാലയിൽനിന്ന് ആരംഭിക്കുന്ന യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ സമാപിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുൽഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധി മ്യൂസിയം അദ്ദേഹം സന്ദർശിക്കും.
വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകീട്ട് യാത്ര നേമത്ത് സമാപിക്കും. 12-ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും.
കേരളത്തിൽ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റർ സഞ്ചരിക്കും. സാംസ്കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹർ ബാൽമഞ്ചിലെ വിദ്യാർഥികളുമായും രാഹുൽഗാന്ധി സംവദിക്കും.