സ്കൂൾ കാഴ്ചപ്പുരയിലേക്ക് കർഷകൻ പത്തായം സമ്മാനിച്ചു


കൊളച്ചേരി: - '
പത്തായം പെറും,ചക്കി കുത്തും, അമ്മ വയ്ക്കും, ഉണ്ണി ഉണ്ണും'. മലയാളം പാഠപുസ്തകത്തിലെ പത്തായം എന്ന പാഠം തുടങ്ങുന്നത് ഇങ്ങനെ.

ഇപ്പോൾ പത്തായം പെറുന്നില്ല, ചക്കി കുത്തുന്നില്ല, അമ്മ വെയ്ക്കുന്നത് ആന്ധ്രയിലെയും പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വിളയിച്ചെടുത്ത അരി. പാഠം തീരുന്നതിങ്ങനെ.പത്തായം ഒരു കേട്ടുകേൾവി മാത്രമാണ് ഭൂരിഭാഗം കുട്ടികൾക്കും. ഗതകാലസമൃദ്ധിയുടെ പ്രതീകമാണ് പത്തായം.നെൽകൃഷി കുറഞ്ഞതോടെയും ആധുനിക ഉപകരണങ്ങൾ വന്നതോടെയും പഴയ കാല കാർഷിക ഉപകരണങ്ങൾ കാഴ്ചവസ്തുക്കൾ മാത്രമായി. 

കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ ഇന്ന് എത്തിച്ച പത്തായം അങ്ങനെ കുട്ടികൾക്കും കേട്ടറിഞ്ഞ പാഠഭാഗത്തെ തൊട്ടറിഞ്ഞ അനുഭൂതി ജനിപ്പിച്ചു.ഇക്കഴിഞ്ഞ കർഷക ദിനത്തിൽ സ്കൂൾ ആദരിച്ച മാതൃകാ കർഷകനായ  പോത്തോടി ചന്ദ്രൻ സ്കൂളിൻ്റെ കാഴ്ചപ്പുരയിലേക്ക് ഒരു പത്തായം തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് ചെയർമാൻ പി.പി.കുഞ്ഞിരാമൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, പൂർവ വിദ്യാർഥി പ്രവീൺ.കെ.വി, മദേർസ് ഫോറം പ്രവർത്തകരായ സജിത,അനില,ശ്രീപ്രഭ,ആര്യ എന്നിവരുടെ നേതൃത്വത്തിൽ പത്തായം ഏറ്റുവാങ്ങി സ്കൂളിൽ എത്തിച്ചു. കുട്ടികൾ പത്തായം ഏറ്റുവാങ്ങി. പഴയ കാല സംസ്കൃതിയുടെ തിരുശേഷിപ്പെന്നോണം  കാഴ്ചപ്പുരയിൽ ഇനി മറ്റു കാർഷിക ഉപകരണങ്ങൾക്കൊപ്പം ഇനി പത്തായവുമുണ്ടാവും.



Previous Post Next Post