കണ്ണൂർ:-കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ സെപ്റ്റംബർ നാല് ഞായർ വൈകീട്ട് 3.30ന് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ടൂറിസം സെന്ററിന്റെ ഭാഗമായി കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി ഫ്‌ളോട്ടിംഗ് പാർക്ക്, ജലധാര, പെഡൽ ബോട്ട്, സിംഗിൾ/ഡബിൾ കയാക്കുകൾ തുടങ്ങിയവ ഒരുക്കിയതായി കെ വി സുമേഷ് എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമീപ ഭാവിയിൽ ടൂറിസം സെന്ററിനെ കയാക്കിംഗ് അക്കാദമിയാക്കി ഉയർത്തും. പുല്ലൂപ്പിക്കടവ്, മുണ്ടേരിക്കടവ്, പറശിനിക്കടവ് ഉൾപ്പെടുന്ന വാട്ടർ ടൂറിസം ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. 1.79 കോടി രൂപ ചെലവിലാണ് ടൂറിസം സെന്റർ നിർമ്മിച്ചത്. മിഡ് ടൗൺ ഇൻഫ്ര എന്ന കമ്പനിയ്ക്കാണ് നടത്തിപ്പ് ചുമതല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവയുടെ സഹായത്തോടെ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമായി കാട്ടമ്പള്ളിയെ മാറ്റുകയാണ് ലക്ഷ്യമെന്നും എം എൽ എ പറഞ്ഞു.
ഉദ്ഘാടന പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, അഡ്വ പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പി ആർ ഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേഷ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, മിഡ് ടൗൺ ഇൻഫ്രാ എംഡി ശ്യാംകുമാർ റെഡ്ഢി, എന്നിവർ പങ്കെടുത്തു.