കണ്ണൂർ:-കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകാൻ നടപടികൾ പൂർത്തിയായി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിർദേശിച്ച പ്രകാരമാണ് ശമ്പളം നൽകുക. കെ എസ് ആർ ടി സി പുതുതായി ആരംഭിച്ച കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് സർവീസ് കണ്ണൂർ ഡിപ്പോയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യും. വരും നാളുകളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയിൽ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സിയെ നൂതനമായ മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സർവ്വീസുമെല്ലാം അതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലർ കണ്ണടച്ച് എതിർക്കുന്നു. സ്വിഫ്റ്റിനെതിരെ പോലും ചിലർ കോടതിയെ സമീപിച്ചു. എന്നാൽ എതിർപ്പുകൾ തള്ളി കോടതി അനുമതി നൽകി. മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. എതിർപ്പിനെ ഭയന്ന് കെ എസ് ആർ ടി സിയെ മെച്ചപ്പെടുത്തുന്നതിൽ നിന്നും സർക്കാർ പിന്നോട്ടുപോകില്ല-മന്ത്രി പറഞ്ഞു.
കണ്ണൂരിൽ നിന്നും ദിവസവും വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട്, കോയമ്പത്തൂർ, സേലം, ആത്തൂർ, കടലൂർ വഴി അടുത്ത ദിവസം രാവിലെ 7.45ന് പുതുച്ചേരിയിൽ എത്തും. പുതുച്ചേരിയിൽ നിന്നും രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ബസ് തൊട്ടടുത്ത ദിവസം രാവിലെ 8.45ന് കണ്ണൂരിൽ തിരിച്ചെത്തും. മലബാർ, മാഹി പ്രദേശത്തുള്ളവർക്കും പുതുച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സർവ്വീസ് കൂടുതൽ ഗുണം ചെയ്യും. എന്റെ കേരളം കെ എസ് ആർ ടി സി മൊബൈൽ ആപ്പ്, online.keralartc.com എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
കണ്ണൂർ ഡിപ്പോയിൽ ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപ്പറേഷൻ വാർഡ് കൗൺസിലർ പി കെ അൻവർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി മനോജ്കുമാർ, സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രൻ, നോർത്ത് സോൺ എക്സി. ഡയറക്ടർ ഷറഫ് മുഹമ്മദ്, സ്വിഫ്റ്റ് ഡി ടി ഒ, വി എം താജുദ്ദീൻ, എഫ് ആന്റ് എ ജില്ലാ ഓഫീസർ പി അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.