ഷിയാദിന്റെ അടുക്കളയില്‍ ഭക്ഷണം വിളമ്പാന്‍ ' പാത്തൂട്ടി റോബോട്ട് '

 


കൂത്തുപറമ്പ് :- കൂത്തുപറമ്പ് വേങ്ങാട് മെട്ട കരിയന്തോടി റിച്ച് മഹല്ലില്‍ ചാത്തോത്ത് ഷിയാദിന്റെ കുടുംബത്തിന് കൂട്ടായി ഇനി പാത്തൂട്ടി റോബോട്ടും. അടുക്കളയിലെ സഹായത്തിനും ഭക്ഷണസാധനങ്ങള്‍ ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടു പോകുന്നതിനും ഇനി പാത്തൂട്ടി റോബോട്ടാവും ഉണ്ടാവുക. ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്യുകയാണ് പാത്തൂട്ടി. 

മാന്വലായും ഓട്ടോമാറ്റിക്കായുമാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കി പിതാവും കൂടെകൂടി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി. പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സഹപാഠി അര്‍ജുനും സഹായിച്ചു. 

പ്ലാസ്റ്റിക്ക് സ്റ്റൂള്‍, അലൂമിനിയം ഷീറ്റ്, നാല് ടയര്‍, ഒരു ഫീ മെയില്‍ ഡമ്മി, ഒരു സേര്‍വിംഗ് ട്രേ തുടങ്ങിയവയാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. സാങ്കേതിക പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എം.ഐ.ടി ആപ്പ്  വഴി നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷനും അഡ്‌മെഗാ മൈക്രോ കണ്‍ട്രോളറും ഐ.ആര്‍, അള്‍ട്രാസോണിക് സെന്‍സറുകളുമാണ്. വേങ്ങാട് ഇ.കെ നായനാര്‍ മെമ്മോറിയല്‍  ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഷിയാദ്. പാപ്പിനിശേരി ഹിദായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ അബ്ദുറഹിമാന്റെയും ചാത്തോത്ത് സെറീനയും മകനാണ്. ഷിയാസ് സഹോദരനാണ്.

Previous Post Next Post