മയ്യിൽ :- മുതിർന്ന പൗരന്മാരുടെ മനസ് തൊട്ടുകൊണ്ടാണ് അഡ്വ. എ പി ഹംസക്കുട്ടി സംഭാഷണം തുടങ്ങിയത്. വാർധക്യം എന്നത് ഒന്നിന്റേയും അവസാനമല്ലെന്ന് ഓർമപ്പെടുത്തി പറച്ചിലിന്റെ ഓരൊനിമിഷവും. പൊതുഇടങ്ങളിൽ കുടുതൽ വ്യാപരിക്കാനും മനസിനെ പുതുക്കാനുമുള്ള ചിന്തകളെയാണ് അദ്ദേഹം ജ്വലിപ്പിച്ചത്. ഗ്രാമസഭയിൽ, വായനശാലയിൽ, വിവാഹവീട്ടിൽ, കുുടുംബത്തിൽ, പൊതുപ്രവർത്തനത്തിൽ അങ്ങിനെ തുറന്നുകിടക്കുന്ന അനേകം വാതിലുകളിലേക്ക് വിരൽചൂണ്ടുകയായിരുന്നു സന്തോഷത്തോടെ വാർധക്യം പാഠശാല.
ജീവിതത്തിൽ കൂടുതൽ കൂടുതൽ ഒതുങ്ങുമ്പോഴാണ് പ്രായം കീഴടക്കുകയെന്നത് അനേകം ഉദാഹരണങ്ങൾ നിരത്തിയാണ് സമർത്ഥിച്ചത്. വാർധക്യം ആഹ്ലാദകമാക്കേണ്ടത് മനശാസ്‌ത്രപരമായ സമീപനത്തിലൂടെയാണ് എന്നോർമിപ്പിച്ചു സദസും. ജീവിതത്തിലെ മുൻഗണനകൾ സംബന്ധിച്ച് ഹംസക്കുട്ടി പങ്കുവെച്ച ചിന്തകൾ ഗൗരവമുള്ള സംവാദത്തെ സൃഷ്ടിച്ചു.
വയോജനദിനാചരണത്തിന്റെ ഭാഗമായി സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം വയോജനവേദി സംഘടിപ്പിച്ച പാഠശാലയിൽ പി വി ശ്രീധരൻ മാസ്‌റ്റർ അധ്യക്ഷനായി. വി വി ഗോവിന്ദൻ, കെ സി വാസന്തി ടീച്ചർ, കെ സി പത്മനാഭൻ മാസ്‌റ്റർ എന്നിവർ സംസാരിച്ചു.