മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, കേരള വാട്ടര്‍അതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർക്കും നിവേദനം നൽകി
കൊളച്ചേരി : കൊളച്ചേരി പഞ്ചായത്തിലെ ഫുട്‌ബോള്‍, ക്രിക്കറ്റ്, പ്രഭാത സവാരി, മറ്റ് വിനോദ കായിക പരിപാടികള്‍ക്ക് പഞ്ചായത്തിലെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്നതിൽ ഉപയോഗ ശൂന്യമായ പൈപ്പുകള്‍ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് സ്റ്റേഡിയം കായിക പരിശീലനത്തിനും മറ്റും സൗകര്യപ്രദമാക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, കേരള വാട്ടര്‍അതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർക്കും നിവേദനം സമർപ്പിച്ചു.
ആറ് മാസത്തിലേറെയായി സ്റ്റേഡിയത്തിൽ പൈപ്പുകൾ ഇറക്കിവെച്ചതിനാൽ കലാ- കായിക സാംസ്കാരിക പരിപാടികൾക്ക് തടസ്സം നേരിട്ടു വരുന്നതായും, ഉടൻ നടപടി കൈകൊണ്ടില്ലെങ്കിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കലാ-കായിക പ്രേമികളെയും, ബഹു ജനങ്ങളെയും അണിനിരത്തി പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.
പഞ്ചായത്തംഗം എൽ നിസാർ, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ പി.കെ.പി, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു