മയ്യിൽ:-കേവലം മെഡൽ നേട്ടം മാത്രമല്ല, കേരളത്തിൻ്റെ കായിക ക്ഷമത വർധിപ്പിക്കുക കൂടിയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു. മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കളിക്കളം നവീകരണ പ്രവൃത്തിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ആരോഗ്യമെന്ന മുദ്രാവാക്യത്തോടെയാണ് കായിക വകുപ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിൻ്റെ കായിക കുതിപ്പിനായി 1500 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ആറ് വർഷമായി സർക്കാർ നടപ്പാക്കിയത്. ശ്രദ്ധേയമായ മാറ്റങ്ങളാണ് കായിക രംഗത്തുണ്ടായിട്ടുളളത് .അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കി. കായിക രംഗത്ത് ആരോഗ്യ പരിപാലന പദ്ധതി നടപ്പാക്കും. കായികരംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. 465 പഞ്ചായത്തുകളിലാണ് ഇനി കളിക്കളങ്ങൾ ഒരുക്കാനുള്ളത്. അതിൽ 112 കളിക്കങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളി മെഡൽ നേട്ടം കൈവരിച്ച കെ പി പ്രിയയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
മയ്യിൽ സ്കൂളിൻ്റെ കളിക്കളം നിർമാണത്തിനായി നാല് കോടി രൂപയാണ് സംസ്ഥാന കായിക വകുപ്പ് അനുവദിച്ചത്. മൈതാനത്ത് ഇൻഡോർ കോർട്ട്, മഡ് ഫുഡ്ബോൾ കോർട്ട്, ഡ്രയിനേജ് സംവിധാനം, കോർട്ടിനും കെട്ടിടത്തിനും ചുറ്റുമായി ഇൻ്റർലോക്ക് ചെയ്യുന്ന പ്രവൃത്തി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഒരുക്കുക.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്, ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനി, മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു,
,സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സി കുട്ടൻ, വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.