ഭാവനാ നാടകോത്സവത്തിന് അരങ്ങുണർന്നു
കൊളച്ചേരി :- നാടകം അധികാരിവർഗ്ഗത്തിൻ്റെ തെറ്റുകൾക്കെതിരെ പ്രതികരിക്കാനുള്ള ആയുധമാണെന്നും അതൊരു രാഷട്രീയായുധം കൂടിയാണെന്നും നാടകത്തിന് വലിയ രാഷ്ട്രീയ ദൗത്യം ഉണ്ടെന്നും പ്രശസ്ത സംവിധായകനും തിരക്കഥകൃത്തുമായ അശോക് ശശി പറഞ്ഞു.
നാടകമെന്നത് സകല കലാരൂപങ്ങളുടെയും അമ്മയാണെന്നും നാടിനകത്തെ മനുഷ്യരുടെ മനസ്സിലൂടെ, ആത്മ സങ്കർഷത്തിലൂടെ സഞ്ചരിക്കുന്ന കലാരൂപമാണ് നാടകമെന്നും മനുഷ്യമനസ്സിൽ ശുദ്ധീകരണ പ്രക്രിയ നടത്തുകയാണ് നാടകമെന്നും അദ്ദേഹം പറഞ്ഞു. നാടകപ്രവർത്തകർക്ക് പാശ്ചാത്യ ലോകത്ത് ഉന്നതമായ സ്ഥാനമാണ് ഉള്ളതെന്നും സകല കലകളുടെ സംഗമമാണ് നടകമെന്ന കലാരൂപമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവന കരിങ്കൽകുഴിയുടെ ഭാവന പുരസ്കാരത്തിനു വേണ്ടിയുള്ള അഞ്ചാമത് അഖിലകേരള പ്രൊഫഷണൽ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷനായി. എൻ അനിൽകുമാർ, എം ദാമോദരൻ, അനിൽകുമാർ ആലത്തുംപറമ്പ്, ശ്രീധരൻ സംഘമിത്ര, ദീപ പ്രശാന്ത്, മനീഷ് സാരംഗി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ രെജു കരിങ്കൽകുഴി സ്വാഗതവും ഭാവന പ്രസിഡന്റ് ഇ രാജീവൻ നന്ദിയും പറഞ്ഞു.
നവംബർ 12 മുതൽ 18 വരെ കരിങ്കൽകുഴി ഭാവന ഗ്രൗണ്ടിലാണാണ് നാടകോത്സവം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം ഫ്രാൻസിസ് ടി മാവേലിക്കര രചന നിർവ്വഹിച്ച് ,.ഇ.എ രാജേന്ദ്രൻ സംവിധാനം ചെയ്ത, കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം ചന്ദ്രികയ്ക്കുമുണ്ടൊരു കഥ അരങ്ങേറി .
6 നാടകങ്ങളാണ് നാടകമത്സരത്തിൽ പങ്കെടുക്കുന്നത് .
ഞായറാഴ്ച എഴുത്തുകാരൻ രാജേഷ് മാടത്തിലിന്റെ കവിതാസമാഹാരം 'എന്റെ തോന്ന്യാക്ഷരങ്ങൾ' കവി സി എം വിനയചന്ദ്രൻ പ്രകാശനം ചെയ്യും. ഏഴിന് ആറ്റിങ്ങൽ ശ്രീധന്യയുടെ 'ലക്ഷ്യം', 14ന് ആറിന് കൊളച്ചേരിയുടെ നാടക ചരിത്രം എന്ന വിഷയത്തിൽ എ അശോകൻ സാംസ്‌കാരിക പ്രഭാഷണം നടത്തും. ഏഴിന് കൊല്ലം ആവിഷ്കാര അവതരിപ്പിക്കുന്ന 'ദൈവം തൊട്ട ജീവിതം', 15ന് ആറിന് അരങ്ങിലെ സാക്ഷാൽക്കാരം എന്ന വിഷയത്തിൽ ഫോക് ലോർഅക്കാദമി സെക്രട്ടറി എ വി അജയകുമാർ പ്രഭാഷണം നടത്തും. ഏഴിന് കൊല്ലം അയനം നാടകവേദിയുടെ 'ഒറ്റവാക്ക്' 16ന് ആറിന് രചനയുടെ രസതന്ത്രം എന്ന വിഷയത്തിൽ അനിൽകുമാർ ആലത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തും. ഏഴിന് കോഴിക്കോട് രംഗഭാഷയുടെ 'മൂക്കുത്തി', 17ന് ആറിന് സാംസ്കാരിക സമ്മേളനം നടക്കും. ഭാവന വനിതാവേദിയും ബാലവേദിയും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അഥീന നാടക നാട്ടറിവ് വീടിൻ്റെ നാട്ടുമൊഴിയും അരങ്ങേറും. 18ന് ആറിന് സമാപന സാംസ്കാരിക സമ്മേളനവും ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട എന്നീ നാടകങ്ങൾ അരങ്ങേറും. തുടർന്ന് നാടകമത്സര വിജയികൾക്കുള്ള ഭാവന പുരസ്‌കാരം പ്രഖ്യാപനവും സമ്മാന വിതരണവും നടക്കും.
എല്ലാ ദിവസവും വൈകീട്ട് 7 മുതൽ ലൈവ് മ്യൂസിക് ഇവന്റ്, ചാക്യാർകൂത്ത് ,കരോക്കെ ഗാനമേള, ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ കലാ പരിപാടികൾ എല്ലാ ദിവസങ്ങളിലുമുണ്ടാകും. നാടകോത്സവം പ്രവേശനം സൗജന്യമാണ്.