പറശ്ശിനി മടപ്പുര തിരുവപ്പന ഉത്സവത്തിന് നാളെ കൊടിയേറും


പറശ്ശിനിക്കടവ് :- 
പറശ്ശിനിക്കടവ് മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിനാരംഭിക്കും.

വെള്ളിയാഴ്ച രാവിലെ 9.50-നും 10.26-നും ഇടയിൽ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് മൂന്നിന് മലയിറക്കൽ ചടങ്ങോടെ കാഴ്ചവരവ്‌ തുടങ്ങും.

കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ചയെ ആദ്യം വരവേൽക്കും. തുടർന്ന് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനഞ്ചോളം ഭജനസംഘങ്ങളുടെ കാഴ്ച ക്ഷേത്രത്തിലെത്തും. സന്ധ്യാദീപത്തിനുശേഷം മുത്തപ്പൻ വെള്ളാട്ടം. രാത്രി 11-ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കലശം എഴുന്നള്ളിപ്പിനായി മടപ്പുരയിൽനിന്ന്‌ കുന്നുമ്മൽ തറവാട്ടിലേക്ക് പോകും. 12-ന് കരിമരുന്നുപ്രയോഗം. തുടർന്ന് കലശവുമായി തിരിച്ചെഴുന്നള്ളത്ത്. മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി തിരുവപ്പന. രാവിലെ പത്തോടെ ഭജനസംഘങ്ങളെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും.

ഉത്സവം കൊടിയിറക്കം ഡിസംബർ ആറിന്. അഞ്ച്, ആറ് തീയതികളിൽ രാത്രി കഥകളിയുണ്ടാകും. തുടർന്ന് എല്ലാദിവസവും തിരുവപ്പനയും വെള്ളാട്ടവുമുണ്ടാകും.

Previous Post Next Post