ശ്രീകണ്ഠാപുരത്ത് അഞ്ചു കോടിയുടെ നഗര സൗന്ദര്യവത്കരണം തുടങ്ങി



ശ്രീകണ്ഠാപുരത്ത്:-ശ്രീകണ്ഠാപുരം നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2022-23ലെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവിലാണ് സർക്കാർ നഗരം സൗന്ദര്യവത്കരിക്കുന്നത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ശ്രീകണ്ഠാപുരം. പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇത് വഴിയാണ് കടന്നുപോകുന്നത്. എന്നാൽ നഗരത്തിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. ഇത് പരിഹരിക്കാൻ ആദ്യഘട്ടത്തിൽ കോട്ടൂർ ഐ ടി ഐ ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിർത്തി വരെയും പയ്യാവൂർ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കും. തകർന്ന സ്ലാബുകൾ പുനർനിർമിക്കുകയും ആവശ്യമെങ്കിൽ ഡ്രെയിനേജിന്റെ ഉയരം വർധിപ്പിക്കുകയും ചെയ്യും. ഡ്രെയിനേജ്  ഇല്ലാത്ത ഭാഗങ്ങളിൽ പുതിയത് നിർമ്മിച്ച് കവർ സ്ലാബിട്ട് സുരക്ഷിതമാക്കും. ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയിൽ കൈവരിയും ഒരുക്കും. തണൽ മരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, വഴിയാത്രക്കാർക്കായി നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്ന് പൊതുമരാമത്ത് ഭൂമിയിൽ ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കും. ഇതിനു പുറമേ സുരക്ഷിതമായ രാത്രി യാത്രക്കും നഗരത്തെ കൂടുതൽ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവിൽ പാതയോരത്ത് തെരുവ് വിളക്കുകളും സ്ഥാപിക്കും.

ശ്രീകണ്ഠപുരം ടൗണിൽ നടന്ന ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ സുധാകരൻ എം പി മുഖ്യാതിഥിയായി. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ വി ഫിലോമിന, വാർഡ് കൗൺസിലർ പി വി നസീമ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ എം ജഗദീഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ പ്രവീൺ, അസിസ്റ്റന്റ് എഞ്ചിനീയർ സി ബിനോയ്, വ്യാപാരി വ്യവസായി സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post