സാവോ പോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്ന പെലെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ സാന്ത്വന ചികിത്സയില്‍ കഴിയുകയായിരുന്നു. മൂത്രാശയ രോഗങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങളും ഇതിഹാസത്തെ അലട്ടിയിരുന്നു. മകള്‍ കെയ്ലി നാസിമെന്റോ ഇന്‍സ്റ്റഗ്രാമിലൂടെയാണു മരണ വാര്‍ത്ത പുറത്തുവിട്ടത്. ലോകം കണ്ട ഫുട്ബോളര്മാരില് മുമ്പനാണു പെലെ.
1957 ജൂലൈ ഏഴിന് 16-ാം വയസിലാണു ബ്രസീല്‍ ടീമില്‍ കളിക്കുന്നത്. ആദ്യ മത്സരം അര്‍ജന്റീനയ്ക്കെതിരേ. അര്‍ജന്റീനയോട് ബ്രസീല്‍ 2-1 നു തോറ്റെങ്കിലും ഒരു ഗോളടിച്ച് പെലെ അരങ്ങേറ്റം കൊഴുപ്പിച്ചു. 1958 ല്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ മികവില്‍ ബ്രസീല്‍ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി ( 1958, 1962, 1970). മൂന്നുവട്ടം ലോകകപ്പ് നേടുന്ന ഏക താരവും പെലെയാണ്. ആകെ നാലു ലോകകപ്പുകളില്‍ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്.
ലോകകപ്പില്‍ ഒരുപിടി റെക്കോഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.1940 ഒകേ്ടാബര്‍ 23 നു ട്രെസ് കോറകോസ് നഗരത്തില്‍ ജനിച്ച എഡ്സണ് അറാന്തസ് ദൊ നാസിമെന്റോ എന്ന പെലെ ഏറ്റവുമധികം ഗോള്‍ നേട്ടവുമായി നാലു ലോകകപ്പുകള്‍ കളിച്ചു. പ്രഫഷനല്‍ ഫുട്ബോളറായിരുന്ന ഡോണ്ടിഞ്ഞോ എന്ന ജോവോ റാമോസ് ദൊ നാസിമെന്റോയുടെയും സെലേസ്റ്റയുടെയും മകന് 15-ാം വയസില്‍ ബ്രസീലിന്റെ ഏറ്റവും പ്രസിദ്ധമായ സാന്റോസ് ക്ലബിന്റെ ഭാഗമായി. 1956 സെപ്റ്റംബര്‍ ഏഴിന് കോറിന്ത്യന്സിനെതിരേ കരിയറിലെ ആദ്യ മത്സരം. സാന്റോസ് 7-1 നു ജയിച്ച മത്സരത്തില്‍ പെലെയുടെ വക ഒരു ഗോളുമുണ്ടായിരുന്നു. 1957 ജൂലൈയില്‍ 16 വര്‍ഷവും ഒന്‍പത് മാസവും പ്രായമുള്ളപ്പോള്‍ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറി.
അര്‍ജന്റീനക്കെതിരേ നടന്ന ആ മത്സരത്തില്‍ ഗോളടിക്കുകയും ചെയ്തു. പിതാവ് പരുക്കുമൂലം കളി നിര്‍ത്തിയപ്പോള്‍ കുഞ്ഞു പെലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഷൂ പോളിഷുകാരനായി. ഒടുവില്‍ വാസമുറപ്പിച്ച ബൌറു നഗരത്തിലെ മേയര്‍ സ്പോണ്സര് ചെയ്ത ടൂര്‍ണമെന്റിലാണു പെലെ എന്ന ഇതിഹാസം പിറന്നത്. കരിയറില്‍ ആകെ 1281 ഗോളുകളടിച്ചു. പെലെ ആദ്യമായി പാന്റസും ഷര്‍ട്ടും ഷൂസും ധരിച്ചതു സാന്റോസ് കബിലെത്തുമ്പോള്. ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനല്‍ കളിക്കാരനായി സാന്റോസിന്റെ ഫുള്‍ടീമില്‍. പതിനാറാം വയസില്‍ പ്രഫഷനല്‍ ടീമില്‍ സ്ഥിരാംഗം, പതിനേഴാം വയസില്‍ ദേശീയ ടീമിലെ പത്താം നമ്പര്‍ ജഴ്സി സ്വന്തം. 1970 ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ പെലെയ്ക്കായിരുന്നു. 1971 ജൂലൈ 18 നു റിയോ ഡി ജനീറോയില്‍ യൂഗോസ്ലാവിയയ്ക്കെതിരേ നടന്ന മത്സരത്തോടെ രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചു.
ബ്രസീലിനായി 92 കളികളില്‍നിന്ന് 77 ഗോളുകളടിച്ചു. യുവ താരം നെയ്മര്‍ ഖത്തര്‍ ലോകകപ്പില്‍ പെലെയുടെ റെക്കോഡിനൊപ്പമെത്തി. രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ച് ആറ് വര്‍ഷം കൂടി പെലെ ക്ലബ് ഫുട്ബോളില്‍ തുടര്‍ന്നു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മില്‍ നടന്ന മത്സരത്തില്‍ കളിച്ചു. അവസാന കാലത്തു ന്യൂയോര്‍ക്ക് കോസ്മോസിനു വേണ്ടി കളിച്ചിരുന്നതിനാല്‍ ഒന്നാം പകുതി അവര്‍ക്കു വേണ്ടിയും രണ്ടാം പകുതി സാന്റോസിനു വേണ്ടിയും കളിച്ചാണു ബൂട്ടഴിച്ചത്. 14 ലോകകപ്പ് മത്സരങ്ങളിലായി 12 ഗോളുകളും 10 അസിസ്റ്റുകളുമെന്ന പെലെയുടെ റെക്കോഡിന് ഇളക്കം തട്ടിയിട്ടില്ല. കരിയറില്‍ ആകെ 1363 കളികളിലായി 1281 ഗോളുകളടിച്ചു. വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ആയിരാമത്തെ ഗോള്‍. സാന്റോസിന് ആറ് ബ്രസീല്‍ ലീഗ് കിരീടങ്ങളും രണ്ട് കോപാ ലിബര്‍ട്ടഡോറസ് കിരീടങ്ങളും നേടിക്കൊടുത്തു. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി പ്രവര്‍ത്തിച്ചു.
2013 ല്‍ ഫിഫയുടെ ബാലണ്‍ ഡി ഓര് പ്രീ ഓണര്‍ ബഹുമതി നല്കി ആദരിച്ചു. 2020 ല്‍ ബാലണ്‍ ഡി ഓറിലെ എക്കാലത്തെയും മികച്ച ഇലവനില്‍ ഇടംപിടിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി '' അത്ലറ്റ് ഓഫ് ദി സെഞ്ചുറി'', ഫിഫയുടെ ''ഫുട്ബോള്‍ പ്ലേയര്‍ ഓഫ് ദ സെഞ്ചുറി'' പുരസ്കാരങ്ങളും സ്വന്തമാക്കി. പെലെയെ '' ദേശീയ സ്വത്തായി'' ബ്രസീല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.