ഏഴാമത് എൻ. ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം കെ. ആർ കുഞ്ഞിരാമന്


മയ്യിൽ :- മയ്യിൽ തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഏഴാമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം മലപ്പട്ടം കൊളന്തയിലെ കെ.ആർ കുഞ്ഞിരാമന്. ജനുവരി 14 ശനിയാഴ്ച തായംപൊയിലിൽ ചേരുന്ന ചടങ്ങിൽ ഡോ.ജെ.അരുൺകുമാർ (മുൻ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ 24 News, കേരള യൂണിവേഴ്‌സിറ്റി അസി. പ്രഫസർ ) പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകും.

കൊടുവള്ളി ബാലൻ അധ്യക്ഷനായ സമിതിയാണ്‌ അന്തരിച്ച സാമൂഹ്യപ്രവർത്തകനായ എൻ. ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം നിർണ്ണയിച്ചത്‌ .

മലപ്പട്ടം കൊളന്ത എൽപി സ്കൂളിനടുത്ത് താമസിക്കുന്ന കെ.ആർ കുഞ്ഞിരാമന് ആറുപതിറ്റാണ്ടിലധികം രാഷ്ട്രീയ - കാർഷിക രംഗങ്ങളിൽ ശ്രദ്ധേയനായിരുന്നു. സാസ്കാരിക രംഗത്തും പ്രാദേശികഭരണത്തിലും പ്രദേശത്തിന്റെ വികസനത്തിന് നേതൃത്വം നൽകിയതിനാണ് ഈ വർഷത്തെ പുരസ്കാരത്തിന് കെ. ആർ കുഞ്ഞിരാമനെ തിരഞ്ഞെടുത്തത്.

പഴയ റവന്യു ഉദ്യോഗസ്ഥനായ അച്ഛന്റെ പൈതൃക സ്വത്തിൻ്റെ നല്ലൊരു ഭാഗവും കെആർ പൊതുപ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ട്.

ജീവിതത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു രൂപ അലവൻസ് കൈപ്പറ്റാത്ത ആളായിരുന്നു കെ.ആർ കുഞ്ഞിരാമാനെന്ന് സഹപ്രവർത്തകർ പറയുന്നു.

ജില്ലാ കൗൺസിൽ അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, മലപ്പട്ടം ബാങ്ക് പ്രസിഡൻറ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, മലപ്പട്ടം ലോക്കൽ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

 ദേശത്തെ വളർത്തിയ മനുഷ്യനെയാണ് ഈ പുരസ്കാരത്തിലൂടെ ആദരിക്കുന്നത്.

Previous Post Next Post