വാരം:-വാരം പെട്രോൾ പമ്പിന് സമീപത്ത് ഓടുന്ന ബൈക്കിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സമീപത്തുണ്ടായ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽമൂലം അപകടമൊഴിവായി. മുണ്ടേരി കാനച്ചേരിയിലെ മൊട്ടമ്മൽ ഷിജുവിന്റെ ബൈക്കിലാണ് തീപടർന്നത്. മേലേചൊവ്വയിൽനിന്ന് കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോൾ പമ്പിനടുത്തായിരുന്ന സംഭവം.
എൻജിൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെട്രോൾ പമ്പിനടുത്ത് റോഡരികിൽ ബൈക്ക് നിർത്തി ഇറങ്ങുകയായിരുന്നു.. ഇറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും ഓടിയെത്തി തീ അണച്ചു. വിവരമറിയച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും ചക്കരക്കല്ല് പോലീസും സ്ഥലത്തെത്തി.
തീപിടിച്ച ബൈക്കിനടുത്ത് കാറും തൊട്ടടുത്ത് പെട്രോൾ പമ്പുമുള്ളത് ആശങ്ക ഉയർത്തി. ഇതുവഴിയെത്തിയ മേയർ അഡ്വ. ടി.ഒ. മോഹനനും നാട്ടുകാർക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.