ഗ്രാമത്തിന്റെ വിശുദ്ധി കൈവിടാതെ വികസനം നടപ്പാക്കുന്ന കയരളം ഗ്രാമം സംസ്ഥാനത്തിന്‌ മാതൃകയാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി

 


മയ്യിൽ:- ഗ്രാമത്തിന്റെ വിശുദ്ധി കൈവിടാതെ വികസനം നടപ്പാക്കുന്ന കയരളം ഗ്രാമം സംസ്ഥാനത്തിന്‌ മാതൃകയാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കയരളം എ.യു.പി. സ്കൂളിലെ ഒരു നൂറ്റാണ്ടിലെ പൂർവവിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന കയരളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ അധ്യാപക അവാർഡ് ജേതാവും പൂർവവിദ്യാർഥിയുമായ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. മലയാള ചലച്ചിത്ര ഗാനങ്ങളിലെ വരികളിലെ ഗ്രാമവിശുദ്ധി കയരളം ഗ്രാമത്തിൽ കാണാനാകുന്നുവെന്നും വിവിധ ഗാനരചനകളെ ആസ്പദമാക്കി അദ്ദേഹം അവതരിപ്പിച്ചു.

1910-ൽ സ്ഥാപിതമായ വിദ്യാലയത്തിലെ നിലവിലുള്ള രേഖകളിലെ രജിസ്റ്ററിൽ ഒന്നാമതായ മാണിക്കോത്ത് പദ്‌മനാഭൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. പൂർവവിദ്യാർഥിയായ മുൻ എം.പി. പി.കെ. ശ്രീമതി, പഞ്ചായത്തംഗങ്ങളായ കെ.ശാലിനി, രവി മാണിക്കോത്ത്, സംഘാടകസമിതി കൺവീനർ ഇ.കെ.രതി, കെ.പി.കുഞ്ഞിക്കൃഷ്ണൻ, പ്രഥമാധ്യാപിക എം.എം.വനജകുമാരി, എം. ഒ.സിനി, യു.കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ടവെള്ളി വിജയം നേടിയ പി.കെ.പ്രിയക്ക് ആദരവും നടത്തി.

വിരമിക്കുന്ന പ്രഥമാധ്യാപകൻ എം.രാധാകൃഷ്ണൻ വിദ്യാലയ ലൈബ്രറിക്ക് നൽകുന്ന ഗ്രന്ഥശേഖരം ചടങ്ങിൽ കൈമാറി. വിവിധ മത്സരപരീക്ഷകൾ, കായികമേളകൾ എന്നിവയിൽ തിളക്കമാർന്ന വിജയികൾക്കുള്ള ഉപഹാരവിതരണവും നടന്നു.

Previous Post Next Post