മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ വയോജന വേദി എം.ടി യുടെ "നാലുകെട്ടി "ന്റെ പുസ്തകാസ്വാദനം സംഘടിപ്പിച്ചു.
നോവലിന്റെ 65ാം വാർഷികത്തോടും , മാതൃഭാഷാ ദിനത്തോടനുബന്ധിച്ചുമാണ് പരിപാടി. വി.പി ബാബുരാജാണ് പുസ്തക അവതരണം നടത്തിയത്. നോവലിനെ സൂഷ്മതലത്തിൽ അദ്ദേഹം പഠന വിധേയമാക്കി. ഇരുളടഞ്ഞ സാമൂഹ്യ വ്യവസ്ഥയിൽ നിന്ന് നവോത്ഥാന സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള മാറ്റത്തെയാണ് ഈ നോവൽ പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനിവാര്യമായും തകർന്ന് പോകേണ്ട വ്യവസ്ഥിതിയാണത്.തറവാടിത്തമല്ല മനുഷ്യത്വമാണ് പ്രധാനം. ഇരുളടഞ്ഞ മുറികളിലെ സ്ത്രീകളുടെ ദൈന്യതയും ആത്മരോദനവും, ഇരകളാക്കപ്പെടുന്ന മനുഷ്യരും
എം.ടിക്ക് എന്നും എഴുത്തിലെ വിഷയമായിരുന്നുവെന്ന് ബാബുരാജ് ഓർമ്മിപ്പിച്ചു. കെ.ബാലകൃഷ്ണൻ, കെ.ശ്രീധരൻ മാസ്റ്റർ, പി.വി ശ്രീധരൻ മാസ്റ്റർ , അഷറഫ് ഹാജി, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, പ്രദീപ് കുറ്റ്യാട്ടൂർ, സുമതി കെ വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിൽ ടി.സി ജയപ്രകാശ് ചെന്നൈയിൽ നിന്നും ഗ്രന്ഥാലയത്തിന് സൗജന്യമായി നൽകിയ പുസ്തകങ്ങൾ കെ.ശ്രീധരൻ മാസ്റ്ററിൽ നിന്നും ഗ്രന്ഥാലയം സെക്രട്ടറി ഏറ്റുവാങ്ങി. ചടങ്ങിൽ കെ.കെ ഭാസ്കരൻ അദ്ധ്യക്ഷതയും, പി.കെ നാരായണൻ സ്വാഗതവും, പി.കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.