കോണ്‍ഗ്രസ് ഇനി ഹര്‍ത്താലിനില്ല; പ്രഖ്യാപനവുമായി കെ സുധാകരൻ

 


കണ്ണൂര്‍:- സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണെന്നും താന്‍ അധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു. ഹര്‍ത്താല്‍ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു. ജനത്തിന്റെ നടുവ് ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്.  സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്. നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട്ട് സപ്ലൈകോ പെട്രോള്‍ പമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍, ബജറ്റിന്റെ കോപ്പികള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരും. കൊല്ലം കളക്ടേറേറ്റിലും യൂത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കളക്ടറേറ്റിലേക്ക് വളപ്പില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Previous Post Next Post