ബിന്ദുവും മകളും ഇനി ‘എന്റെ വീടി’ ന്റെ തണലിൽ


ശ്രീകണ്ഠപുരം : സ്വന്തമായി വീട് വേണമെന്ന പയ്യാവൂരിലെ വി.കെ ബിന്ദുവിന്റെയും മകളുടെയും സ്വപ്നം യാഥാർഥ്യമാകുന്നു. മാതൃഭൂമിയും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന 'എന്റെ വീട്' പദ്ധതിവഴിയാണ് കണ്ടകശ്ശേരി ഉപ്പുപടന്നയിൽ പുതിയ വീടൊരുക്കിയത്.

ബിന്ദുവും ഒൻപതാംക്ലാസുകാരിയായ മകളും രണ്ട് വർഷമായി വെമ്പുവ തെരേസ ഭവനിലായിരുന്നു താമസം. ഭർത്താവ് ഉപേക്ഷിച്ച ഇവർ ഏറെക്കാലം വിവിധ കോൺവെൻറുകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തു.

തുടർന്ന് തെരേസ ഭവനിലെത്തിയ ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്‌. തെരേസ ഭവൻ ഡയറക്ടർ ബ്രദർ സജി തുരുത്തിയിലിന്റെ ശ്രമഫലമായി പയ്യാവൂരിലെ ബിജു തേക്കിൻക്കാട്ടിൽ എട്ടുസെൻറ് സ്ഥലം സൗജന്യമായി നൽകി. ഇവിടെയാണ് 'എന്റെ വീട്' പദ്ധതിവഴി വീടൊരുക്കിയത്.

ശൗചാലയത്തോടുകൂടിയ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും വരാന്തയും അടങ്ങിയ വീടാണ് നിർമിച്ചത്. ചമതച്ചാൽ സെയ്ൻറ് സ്റ്റീഫൻ കൺസ്ട്രക്ഷൻസിനായിരുന്നു നിർമാണച്ചുമതല. നിർമാണഘട്ടത്തിലെ മറ്റ് സഹായങ്ങൾ തെരേസ ഭവൻ പ്രവർത്തകരും നൽകി.

ഇന്ന് തിങ്കളാഴ്ച 12-ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് താക്കോൽ കൈമാറും. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ, പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത സുരേഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ, പയ്യാവൂർ പഞ്ചായത്തംഗങ്ങളായ ടി.പി അഷറഫ്, ജിത്തു തോമസ്, ഫാ. സുനിൽ, ഫാ. ജോർജ് എളക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും.

Previous Post Next Post