കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനദ്രോഹ നടപടികൾക്കാണ് നേതൃത്വംനൽകുന്നതെന്നും അതിന്റെ തെളിവാണ് പുതിയ ബജറ്റെന്നും എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം പറഞ്ഞു.മോട്ടോർ ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു.) ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോൾ ഡീസൽ സർചാർജ് ഏർപ്പെടുത്തിയതിന് എതിരേയും സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പിൻവലിക്കണമെന്ന നിർദേശം 20 വർഷമാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുമായിരുന്നു ധർണ. ഫെഡറേഷൻ പ്രസിഡന്റ് എ.പി. ഇബ്രാഹിം അധ്യക്ഷനായി. എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍, സി. ഉമ്മർ, വി. ജലീൽ, അബ്ദു മുന്നാംകുന്ന്, റാസിഖ് മാട്ടൂൽ, സി.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.