കാര്യാംപറമ്പ് പന്ന്യങ്കണ്ടി എസ്റ്റേറ്റിലെ പത്തേക്കറോളം കത്തിനശിച്ചു

 


മയ്യിൽ:- കാര്യാംപറമ്പ് പന്ന്യങ്കണ്ടി എസ്റ്റേറ്റിൽ പടർന്നുപിടിച്ച തീയിൽ കത്തിയമർന്നത് പത്തേക്കർ. കടുത്ത ചൂടിൽ പടർന്നുപിടിച്ച തീയണക്കാൻ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ആറുണിക്കൂറോളം യത്നിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം.

മയ്യിൽ-കാര്യാംപറമ്പ് റോഡിൽ എം.വി.ജി. സ്പ്രേ പെയിന്റിങ്ങിനു മുന്നിലെ കുറ്റിക്കാടുകളിൽനിന്നുയരുന്ന പുക കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കമ്പിൽ പന്ന്യങ്കണ്ടിയിലെ പരേതനായ സലാം ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലും സമീപത്തുമായാണ് നട്ടുച്ചയ്ക്ക് തീ ആളിക്കത്തിയത്.


നാട്ടുകാരായ പഴശ്ശിയിലെ കെ. സുനിൽ, വിമുക്തഭടൻ എം.വി. ഗംഗാധരൻ നമ്പ്യാർ, കെ.പി. സജിത്ത് എന്നിവർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു.പഴശ്ശി കാളാങ്കുണ്ടത്തെ ജനവാസകേന്ദ്രത്തിലേക്ക് തീ പടരുന്നതിനിടയിൽ തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഫയർ ബ്രേക്കറുകൾ തീർത്ത് തീ നിയന്ത്രിക്കുകയായിരുന്നു. വെള്ളം ചീറ്റി തീ കെടുത്തുന്നതിനായി വാഹനമെത്തിക്കാനുള്ള റോഡുകളില്ലാത്തതും തീ കെടുത്താനുള്ള ശ്രമങ്ങൾ ഏറെനേരം വൈകുന്നതിനിടയാക്കി.

ഒട്ടേറെ റബ്ബർമരങ്ങളും കശുമാവുകളും അഗ്നിക്കിരയായിരുന്നു. തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ സീനിയർ ഗ്രേഡ് അസി. ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പി.വി. ദയാൽ, കെ. ബിജു, കെ.വി. രാജീവൻ, പി. മാത്യു, സി.വി. രവീന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. വൈകീട്ടോടെ തീ പൂർണമായും അണച്ചു.

Previous Post Next Post