സുമനസ്സുകളുടെ കൈത്താങ്ങ് ; മുരളീധരനും ഗീതയ്ക്കും വീടൊരുങ്ങി, നാളെ താക്കോൽ കൈമാറും


കൊളച്ചേരി : പാതിയിലായ ചുമരുകൾക്കുള്ളിൽ തളർന്നുപോയ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സുമനസ്സുകൾ യാഥാർഥ്യമാക്കി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ടി.വി.മുരളീധരനും എം.ഗീതയും കുടുംബത്തിനുമാണ് സ്വപ്നവീട് യാഥാർഥ്യമായത്. നാളെ മാർച്ച്‌ 26-ന് വൈകീട്ട് നാലിന് കണ്ണൂർ റൂറൽ എസ്.പി. എം. ഹേമലത ‘ഡ്രീംസി'ന്റെ താക്കോൽ കൈമാറും.

മുരളീധരനും മകനുമുണ്ടായ ഹൃദയസംബന്ധമായ അസുഖങ്ങളാണ് ജീവിതം കീഴ്‌മേൽ മറിച്ചത്. ഉള്ളതെല്ലാം പെറുക്കിവിറ്റ് ചികിത്സ നടത്തിയതോടെ നിത്യ ജീവിതം പോലും ദുസ്സഹമായി. ഇവരെക്കുറിച്ച് പഞ്ചായത്ത് ജലസമൃദ്ധി കോ ഓർഡിനേറ്റർ രജിത കണ്ണപുരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എ.രാജേഷ് തളിയിൽ, ആലക്കാടൻ സജീവൻ എന്നിവരെ അറിയിച്ചു. തുടർന്ന് പ്രവാസിയായ സന്തോഷ് കാന്തലോട്ടിന്റെ സഹകരണത്തോടെ വീട് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുത്തു.

കേരള ടൈൽസ് ആൻഡ് ഫ്ളോർ ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രവർത്തകർ, കേരള ഇലക്‌ട്രിക്കൽ ആൻഡ് സൂപ്പർവൈസേഴ്‌സ്‌ മയ്യിൽ ഏരിയ കമ്മിറ്റി പ്രവർത്തകർ, കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ടി.പി.ഉണ്ണിക്കൃഷ്ണൻ, നാട്ടുകാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. എട്ടു ലക്ഷത്തോളം രൂപ ചെലവിട്ടാണ് പണി പൂർത്തിയാക്കിയത്.

Previous Post Next Post