കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. അറ്റകുറ്റ പണി നടക്കുന്നതിനാൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. എന്നാൽ അറിയിച്ച കാലാവധി കഴിഞ്ഞിട്ടും ഇതുവരെയും വെള്ളം എത്തിയിട്ടില്ല.അധികൃതരെ ആവശ്യവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായില്ല.
ചൂട് കൂടിയതോടെ പ്രദേശത്തെ പല കിണറുകളറും വറ്റുന്ന അവസ്ഥയിലാണ്. ഈ പൈപ്പ് ലൈൻ വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് കൊളച്ചേരി പഞ്ചായത്തിലുള്ളത്. വെള്ളത്തിന്റെ ലഭ്യത മുടങ്ങിയതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് അവർ. ഈ അടുത്ത മാസങ്ങളിലായി വെള്ളത്തിന് ഉയർന്ന ചാർജാണ് ഈടാക്കുന്നത്. ഈ ബില്ല് കൃത്യമായി അടക്കുന്നുണ്ടെന്നും ഇതിനൊക്കെ ആര് മറുപടി പറയും എന്നുമാണ് ഉപഭോക്താക്കളുടെ ചോദ്യം. അധികൃതരുടെ അനീതിയാണിതെന്നും ശുദ്ധജല ലഭ്യതയ്ക്ക് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണം എന്നുമാണ് അവരുടെ ആവശ്യം.