ആത്മവിശുദ്ധിയുടെ നിർണിലാവ് പെയ്ത വിശുദ്ധ മാസത്തിന്റെ പരിസമാപ്തിയായി ഇന്ന് ചെറിയ പെരുന്നാൾ. 30 രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണ വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.
റമദാൻ 30 പൂർത്തിയാക്കിയ ഇന്നലെ സന്ധ്യയോടെ തക്ബീർ ധനികളോട് ഒപ്പം ഫിത്റ് സക്കാത്ത് വിതരണം ചെയ്തുകൊണ്ട് വിശ്വാസികൾ പെരുന്നാളാഘോഷത്തിലേക്ക് കടന്നു.
പുണ്യങ്ങളുടെ നിറവസന്തം തീർത്ത റമദാനിൽ നേടിയ പവിത്രത ജീവിതത്തിൽ കാത്തുസൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികൾ റമദാനിനോട് യാത്ര പറഞ്ഞത്.
അഞ്ച് വെള്ളിയാഴ്ചകളിൽ ലഭിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിലുണ്ട് റമദാനിലെ അവസാന ദിവസവും വെള്ളിയാഴ്ചയായിരുന്നു.
പെരുന്നാൾ ഇന്ന് ആയിരിക്കുമെന്ന് വ്യാഴാഴ്ച വിവിധ കാസിമാർ അറിയിച്ചിരുന്നു.ഇന്ന് രാവിലെ പള്ളികളിൽ ഒത്തുകൂടി പെരുന്നാൾ നിസ്കാരം നിർവഹിക്കും. തുടർന്ന് പരസ്പരം ആശ്രയിച്ചും ആശംസകൾ നേർന്നും സ്നേഹം പങ്കിടും.
അയൽവാസികളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ച് സൗഹൃദവും കുടുംബ ബന്ധവും പുതുക്കാനും ഉറ്റവരുടെയും കബറിടങ്ങളിൽ എത്തി പ്രാർത്ഥന നടത്താനും വിശ്വാസികൾ പെരുന്നാൾ ദിനത്തിൽ സമയം കണ്ടെത്തും. ഈദ് ആഘോഷം കരുതലോടെയും ജാഗ്രതയോടെയും ആയിരിക്കണമെന്ന് മതനേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.