യുദ്ധസ്മാരകം നാടിന് സമർപ്പിച്ചു

  



മയ്യിൽ:- ധീരസൈനികരുടെ ത്യാഗസ്മരണകളുണർത്തുന്ന യുദ്ധസ്മാരകം മയ്യിലിൽ ഒരുങ്ങി. എക്സ് സർവീസ്‌മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റാണ് ബസ് സ്റ്റാൻഡിന് സമീപം സ്മാരകം നിർമിച്ചത്. കണ്ണൂർ ഡി.എസ്.സി. സ്റ്റേഷൻ കമാൻഡർ കേണൽ ലോകേന്ദ്ര സിങ്‌ ഉദ്ഘാടനം ചെയ്തു.

പരംവീർചക്ര പുരസ്കാരം നേടിയവരുടെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തിയ ഫലകങ്ങൾ, സായുധരായ സൈനികരുടെ ഒൻപത് അടി ഉയരമുള്ള രണ്ട് പ്രതിമകൾ, ഐ.എൻ.എസ്. വിക്രാന്തിന്റെ മാതൃക, വീരമൃത്യു വരിച്ച ജില്ലയിലെ 47 യോദ്ധാക്കളുടെ പേരുകൾ, പീരങ്കിയുടെ മാതൃക തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കാർഗിൽ, രജൗറി, ഉറി തുടങ്ങിയ യുദ്ധഭൂമിയിൽ ധീരസൈനികരുടെ രക്തം വീണ മണ്ണും പ്രദർശിപ്പിച്ചിട്ടുണ്ട്.

മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ക്ലബ്ബുകൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ സ്മാരകത്തിൽ റീത്തുകളും പുഷ്പാർച്ചനയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അധ്യക്ഷയായിരുന്നു. വാർ മെമ്മോറിയൽ കമ്മിറ്റി ചെയർമാൻ കേശവൻ നമ്പൂതിരി പഴശ്ശി റിപ്പോർട്ട് അവതരിപ്പിച്ചു. സ്മാരകത്തിന്റെ ശില്പികളായ ഹവിൽദാർ ഹരീന്ദ്രൻ കെ.കുറ്റിയാട്ടൂർ, മുരളി ഏറാമല, കെ.സി.ദേവി, സി.പി. സരസ്വതി, സ്മാരകനിർമാണം ഏറ്റെടുത്ത ബാബു പണ്ണേരി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

റിട്ട. സുബേദാർ മേജർ ടി.വി.രാധാകൃഷ്ണൻ നമ്പ്യാർ, റിട്ട. ലഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, അഡ്മിറൽ കെ.മോഹനൻ, പഞ്ചായത്തംഗം ഇ.എം.സുരേഷ്ബാബു, കെ.ടി.ജി. നമ്പ്യാർ, എൻ. രാജ്കുമാർ, അമൻദീപ്‌ സിങ്‌ ബാലി, കേണൽ കുമാർ പിള്ളൈ, കേണൽ എം.പി.സിങ്‌, കേണൽ പി.വി.രതീഷ്, പി.എസ്.വെങ്കിട്ടരാമൻ, കേണൽ സാവിത്രിയമ്മ, പി.വി.മനേഷ്, ഡോ. ഐ.ഭവദാസൻ നമ്പൂതിരി, പ്രിൻസിപ്പൽ എം.കെ.അനൂപ്കുമാർ, കെ.പി.ശശിധരൻ, എൻ.അനിൽകുമാർ. ടി.വി.അസ്സൈനാർ, കെ.വി.ബാലകൃഷ്ണൻ, എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി മോഹനൻ കാരക്കീൽ എന്നിവർ സംസാരിച്ചു.

Previous Post Next Post