പറശ്ശിനിക്കടവ്:- വളപട്ടണം പുഴയുടെ മനോഹാരിത ഏറ്റവുംകൂടുതൽ ആസ്വദിച്ച് ഉല്ലാസയാത്രനടത്താൻ ജലഗതാഗത വകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട് ഞായറാഴ്ച രാവിലെ എത്തും. ഏപ്രിൽ അഞ്ചിന് മുൻപ് തന്നെ പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്താനുള്ള ഒരുക്കത്തിലാണ്. വകുപ്പിന്റെ സർവീസ് നടത്തിയിരുന്ന സാധാരണ ബോട്ട് കട്ടപ്പുറത്തായി രണ്ടുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല.
പറശ്ശിനിക്കടവും വളപട്ടണം പുഴയും കേന്ദ്രീകരിച്ച് തീർഥാടന വിനോദസഞ്ചാരത്തിന്റെ ഏറ്റവുംവലിയ സീസൺ എത്തിയിട്ടും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടങ്ങിയതിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ രോഷവും ഉയർന്നിരുന്നു.
പറശ്ശിനിക്കടവിൽനിന്ന് പുതിയ സർവീസ് തുടങ്ങുന്നതിനുവേണ്ടി ആലപ്പുഴയിൽനിന്നാണ് എസ്-26 അപ്പർഡക്ക് ബോട്ട് എത്തുന്നത്. ബോട്ടിനുവേണ്ടുന്ന അത്യാവശ്യം സൗകര്യംകൂടി സജ്ജീകരിച്ചാകും ബോട്ട് സർവീസ് തുടങ്ങുക.
ബോട്ടിൽ കണ്ണൂർ പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി.എസ്. സുനിൽകുമാർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ എൻ.കെ. സരീഷ്, ഡ്രൈവർ പി. ദിലീപ് കുമാർ, ലാസ്കർമാരയ എം. സന്ദീപ്, പി. സജീവൻ എന്നിവരാണുള്ളത്.
പുതുതായി എത്തിക്കുന്ന ഡബിൾ ഡക്കർ ബോട്ട് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകൾതട്ടിലും യാത്രചെയ്യാവുന്ന ഡക്കർ ബോട്ടാണ് ആലപ്പുഴയിൽനിന്ന് കൊണ്ടുവരുന്നത്. മുകൾതട്ടിൽ 18 പേർക്കും ഉൾഭാഗത്ത് 60 പേർക്കും യാത്രചെയ്യാവുന്ന ബോട്ടാണിത്. രാവിലെ 9.30-ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ ബോട്ട് ജെട്ടികളുമായി ബന്ധിപ്പിച്ച് ഒന്നര മണിക്കൂറിനകം മാട്ടൂൽ സൗത്ത് ജെട്ടിയിലെത്തും.
തിരികെ യാത്ര 11.45-നാണ്. 1.15-ന് പറശ്ശിനിയിൽ എത്തുന്ന ബോട്ട് തിരികെ വളപട്ടണത്തേക്കാണ് പോകുക. ഇതേ ബോട്ടിൽ രാവിലെയും വൈകീട്ടും പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് ഉല്ലാസയാത്രയും നടത്തും. രാവിലെ 6.30 മുതൽ 9.30 വരെയും വൈകീട്ട് നാല് മുതൽ ഏഴുവരെയും അരമണിക്കൂർ ഉല്ലാസയാത്ര ഏറ്റവും ചുരുങ്ങിയ ചാർജായ 20 രൂപ ഈടാക്കിയാണ് നടത്തുക.
ഏറ്റവുംചെറിയ നിരക്കിൽ വളപട്ടണം പുഴയുടെ മനോഹാരിത നുകരാനുള്ള സൗകര്യമാണ് ജലഗതാഗത വകുപ്പ് വർഷങ്ങളായി വളപട്ടണം പുഴയിൽ ഒരുക്കിയിരുന്നത്. എന്നാൽ പലപ്പോഴും ബോട്ട് തകരാറാകുന്നതുമൂലം സർവീസ് മുടങ്ങുന്നതും പതിവാണ്. പുതിയ ഡബിൾ ഡക്കർ ബോട്ട് എത്തുന്നതോടെ പുഴയോര തീർഥാടന വിനോദസഞ്ചാരത്തിന് കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.