കണ്ണൂർ : ഭൗമസൂചികാപദവി നേടിയ കുറ്റ്യാട്ടൂർ മാവിന്റെ കുള്ളൻ ഇനങ്ങൾ വിപണിയിലേക്ക്. വലിയ മാവുകളിൽനിന്ന് മാങ്ങകൾ പറിച്ചെടുക്കാൻ കഴിയാതെ നശിച്ചുപോകുന്നതിന് പരിഹാരമുണ്ടാക്കാനാണ് കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി മുൻകൈയെടുത്ത് പ്രത്യേകം ഗ്രാഫ്റ്റ് തൈകൾ വളർത്തിയെടുത്തത്.
കുറ്റ്യാട്ടൂർ മാവിന്റെ കമ്പുകൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനാൽ ഉയരത്തിൽ കയറാനും ബുദ്ധിമുട്ടാണ്.നാലര-അഞ്ചുമീറ്റർ ഉയരത്തിൽ മാത്രം വളരുന്ന മാവിന്റെ 5000 ഗ്രാഫ്റ്റ് തൈകൾ ജൂണോടെ വിപണിയിലെത്തുമെന്ന് കമ്പനിയുടെ ചെയർമാൻ വി.ഒ.പ്രഭാകരൻ പറഞ്ഞു.ഇരിട്ടി വള്ളിത്തോട് മലബാർ നഴ്സറിയുടമ കെ.ആർ.ശ്രീധരന്റെ നേതൃത്വത്തിലാണ് കുറ്റ്യാട്ടൂർ കുള്ളൻമാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉത്‌പാദിപ്പിച്ചത്. ഗ്രാഫ്റ്റ് തൈകൾ മൂന്നുവർഷംകൊണ്ട് കായ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പിന്റെയും ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെ അടുത്തവർഷത്തോടെ ഇത്തരത്തിലുള്ള 50,000 മാവിൻതൈകൾ ഉത്‌പാദിപ്പിക്കാനും പദ്ധതിയുണ്ട്.തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന് കൂടുതൽ പേർക്ക് പരിശീലനം നൽകും.