കണ്ണൂർ: എസ് എസ് എഫ് കേരള വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന എജുസൈൻ എക്സ്പോ വിദ്യാർത്ഥി മനസ്സുകൾ കീഴടക്കുന്നു. ഏപ്രിൽ 23 ന് ആരംഭിച്ച എക്സ്പോ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. കരിയർ ലോകത്ത് പഠിതാക്കൾക്ക് ദിശാബോധം നൽകാൻ പര്യാപ്തമായ രീതിയിലാണ് ഇവ സംവിധാനിച്ചിരിക്കുന്നത്. എസ് എസ് എൽ സി പഠനം പൂർത്തീകരിച്ചവർക്ക് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് മേഖലയിലെ വ്യത്യസ്ത കോഴ്സുകൾ, ഡിഗ്രി പിജി മേഖലയിൽ ഉപരിപഠനത്തിന് ഉതകുന്ന രാജ്യത്തെ പ്രീമിയർ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കൽ, എഞ്ചിനീയറിങ്, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, അപ്സ്കില്ലിംഗ് തുടങ്ങിയ എൺപതോളം മേഖലകൾ ചർച്ച ചെയ്യുന്ന സ്റ്റാളുകൾ എജുസൈനിൽ സജ്ജമാക്കിയിട്ടുണ്ട്. കരിയർ മേഖലയിൽ പ്രവർത്തിക്കുന്ന കരിയർ മെൻ്റർമാരുടെ സേവനം ഓരോ സ്റ്റാളുകളിലും ലഭ്യമായിരിക്കും. നൂറിലധികം കരിയർ പ്രൊഫൈലുകളെ കുറിച്ച് പഠിക്കാനുള്ള അവസരവുമുണ്ടാകും. ഇരുപത്തിയഞ്ചിലധികം കേന്ദ്ര സർവകലാശാല പ്രതിനിധികളും പതിനഞ്ചിലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പ്രതിനിധികളും സംബന്ധിക്കുന്ന വിപുലമായ കരിയർ എക്സ്പോ കേരളത്തിലാദ്യമായാണ് സംഘടിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ഉൾപ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. ക്യു എസ് റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന യൂണിവേഴ്സിറ്റികളുടെ വിഷ്വൽ ടൂറും എജുസൈനിൽ സംവിധാനിച്ചിട്ടണ്ട്.
വ്യത്യസ്ത സെഷനുകളിലായി വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ എക്സ്പോ വേദിയിൽ സംസാരിക്കും. തൊഴിൽ വിപണിക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഫയ എം ഡി ദീപു എസ് നാഥ് വിഷയമവതരിപ്പിക്കും. മെഡിക്കൽ എൻജിനീയറിങ് രംഗത്ത് കരിയറിനപ്പുറത്ത് നടക്കേണ്ട ശാസ്ത്ര പഠന സാധ്യതകളെക്കുറിച്ച് സി കെ എം റഫീഖ്, ഐ ഐ എമ്മിലെ മാനേജ്‌മെന്റ് പഠനത്തെക്കുറിച്ച് കോഴിക്കോട് ഐ ഐ എമ്മിലെ രൂപേഷ് കുമാർ, എ ഐ കാലത്ത് കരിയർ എങ്ങനെ രൂപപ്പെടുത്തണം എന്ന വിഷയത്തിൽ മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ എഞ്ചിനീയർ രാഹുൽ റെഡ്ഢി തുടങ്ങിയവർ വ്യത്യസ്ത സെഷനുകളിലായി വേദിയിലെത്തും.
അക്കാദമിക രംഗത്തെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുന്നത്. ഏപ്രിൽ 29നാണ് എക്സ്പോ അവസാനിക്കുക.