താനൂർ ബോട്ട് അപകടത്തിൽ 22പേർ മരിച്ചു

 


താനൂർ:- മലപ്പുറം താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 22 പേർ മുങ്ങിമരിച്ചു. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തി.

പുഴയുടെ കെട്ടുങ്ങൽ തീരത്തുനിന്ന് സർവീസ് തുടങ്ങിയ അറ്റ്‌ലാന്റിക്‌ എന്ന ബോട്ടാണ്‌ അഴിമുഖത്തിന് സമീപത്തുവെച്ച് തിരിക്കുന്നതിനിടെ മറിഞ്ഞത്. ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായിമറിയുകയായിരുന്നു.

യാത്രക്കാർ ബോട്ടിനടിയിൽ കുടുങ്ങി. വെളിച്ചക്കുറവും ചെളിയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നാലുഭാഗവും ചില്ലുകൊണ്ട് മൂടിയ ബോട്ട് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 9.45-ഒാടെ ബോട്ട് കരയ്ക്കടുപ്പിച്ചു. വീടുകളുടെ മതിലുകൾ പൊളിച്ചാണ് ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.


അനുവദനീയമായതിലും കൂടുതൽപ്പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് പ്രാഥമികനിഗമനം. താനൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അവധിദിവസമായതിനാൽ കൂടുതൽപ്പേർ യാത്രയ്ക്കെത്തിയത് ദുരന്തത്തിന്റെ ആക്കംകൂട്ടി. യാത്രക്കാരിൽ കൂടുതൽപേർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പറയുന്നു.


നാട്ടുകാരും, ട്രോമാകെയർ, സി.ഡി.ആർ.എസ്. പ്രവർത്തകരും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരൂരങ്ങാടി താലൂക്കാശുപത്രി, എം.കെ.എച്ച്. ആശുപത്രി, താനൂർ അജ്നോറ ജനത ആശുപത്രി, കോട്ടയ്ക്കൽ മിംസ്, തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം, പരിക്കേറ്റവർക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാനും പോസ്റ്റ്‌മോർട്ടം വേഗത്തിലാക്കി മൃതദേഹങ്ങൾ വിട്ടുകൊടുക്കാനും നിർദേശംനൽകി.

തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ജീവനക്കാരെയെത്തിച്ച് തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പോസ്റ്റ്‌മോർട്ടം നടത്തും. രാവിലെ ആറിന് പോസ്റ്റ്‌മോർട്ടം തുടങ്ങാനും മന്ത്രി നിർദേശംനൽകി.

Previous Post Next Post