താനൂർ ബോട്ടപകടം :പറശ്ശിനിപുഴയിലും ജാഗ്രത വേണം, മുസ്ലിം യൂത്ത് ലീഗ്

 


കൊളച്ചേരി:  താനൂരിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 22 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം ദുരന്തങ്ങൾ പറശ്ശിനി പുഴയിലും സംഭവിക്കാതിരിക്കാൻ വിനോദസഞ്ചാര സർവീസ് നടത്തുന്ന ബോട്ടുകളുടെ ലൈസൻസ്, സുരക്ഷാ സംവിധാനങ്ങൾ  അടിയന്തരമായി പുന: പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൊളച്ചേരി  പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു

         നിലവിൽ 15ഓളം സ്വകാര്യ ബോട്ടുകളാണ്  സർവീസ് നടത്തുന്നത് ഇതിൽ തന്നെ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ രീതിയിൽ, മുന്നേ മൽസ്യബന്ധനത്തിന് ഉപയോഗിച്ച പഴയബോട്ടുകൾ രൂപമാറ്റം വരുത്തിയവയും മറ്റും ഉണ്ടെന്നും ലൈസൻസ് ഇല്ലാത്തവയും സർവ്വീസ് നടത്തുന്നതായും ആരോപണമുയർന്ന പശ്ചാത്തലത്തിൽ മേൽ കാര്യങ്ങൾ ഉടൻ അന്വേഷണ വിധേയമാക്കണമെന്നും,

ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമാക്കണമെന്നും  മുഴുവൻ ബോട്ട് സർവ്വീസുകളുടെയും ഫിറ്റ്നസ് പുന: പരിശോധനക്ക് വിധേയമാക്കണമെന്നും  അധികൃതരോട് ആവശ്യപ്പെട്ടു.         മാസങ്ങൾക്ക് മുന്നേ സ്കൂൾ കുട്ടികളുമായി വിനോദ സഞ്ചാരത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടുകയും നിരവധി വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് ആസമയം ഏർപ്പെടുത്തിയ പ്രഹസന നിയന്ത്രണം പോലെയാവരുത് ബോട്ട് സർവ്വീസ് വിഷയത്തിലെന്നും മുസ്‌ലിം യൂത്ത് ലീഗ് കൂട്ടിച്ചേർത്തു

     പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ പി.കെ.പി, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി അന്തായി ചേലേരി, ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ശംസീർ കോടിപ്പോയിൽ, കമറുദ്ദീൻ ദാലിൽ സംസാരിച്ചു

Previous Post Next Post