ശ്രീകണ്ഠപുരം:- ഇരിക്കൂർ ബി ആർ സിയുടെ അധ്യാപക പരിശീലന പരിപാടിയിൽ ഒരേ ക്ലാസിലിരുന്ന് അറിവ് നേടുകയാണ് അധ്യാപകരായ ഉമ്മയും മകളും. ഇരിക്കൂർ ബി ആർ സിക്ക് കീഴിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലയിലെ എൽ പി വിഭാഗം അറബിക് അധ്യാപക പരിശീലനത്തിലാണ് കെ പി ഫാത്തിമയും മകൾ കെ പി സഫ്‍വാനയും എത്തിയത്.
നിടുവാലൂർ എ യു പി സ്കൂളിലെ അധ്യാപികയാണ് ഫാത്തിമ. മകൾ സഫ്‍വാന കൊയ്യം എ എൽ പി സ്കൂളിലെ അറബിക് അധ്യാപികയാണ്. മയ്യിൽ കോട്ടയാട് സ്വദേശികളാണ് ഇവർ. ആദ്യമായാണ് ഇരുവരും ഒന്നിച്ച് അധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
ഇരിക്കൂർ എ ഇ ഒ ഗിരീഷ് മോഹൻ, ബി പി സി ടി വി ഒ സുനിൽ കുമാർ എന്നിവർ ഉമ്മയെയും മകളെയും അനുമോദിച്ചു. ശ്രീകണ്ഠപുരം ജി എച്ച് എസ് എസിൽ 30 വരെയാണ് പരിശീലന പരിപാടി നടക്കുന്നത്. പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 750 അധ്യാപകർ പങ്കെടുക്കുന്നുണ്ട്.