കുറ്റ്യാട്ടൂരിലെ ഉപയോഗശൂന്യമായ മൂന്ന് പൊതുകുളങ്ങൾക്ക് പുതുജീവൻ


കുറ്റ്യാട്ടൂർ :- ചെളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ മൂന്ന് പൊതു കുളങ്ങൾക്ക് പുതുജീവൻ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ പൊയോളം, എട്ടാം വാർഡ് കോമക്കരിയിലെ അരയാൽക്കുളം, പതിനാലാം വാർഡിലെ ചെറാട്ടുമൂലക്കുളം എന്നിവയാണ് നവീകരിക്കുന്നത്‌.

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പൊയോളത്തിന്റെ പണി പൂർത്തിയായി. ആൾമറ സിമന്റ് ചെയ്യേണ്ട ജോലി മാത്രമേ ബാക്കിയുള്ളൂ. 18 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കുളം നിർമാണത്തിന്റെ അടങ്കൽ തുക 35 ലക്ഷം രൂപയാണ്. നീർത്തട വികസന പദ്ധതിയിൽ പെടുത്തി 43 ലക്ഷം രൂപ ചെലവിലാണ് അരയാൽ കുളം നവീകരിക്കുന്നത്. കുളത്തിന്റെ നിർമാണം മുക്കാൽ ഭാഗത്തോളം പൂർത്തിയായി. ചെറാട്ടുമൂലയിലെ പഴയകുളം നവീകരിക്കുന്നത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ്‌.

Previous Post Next Post