പറശ്ശിനിക്കടവ്: എന്തെങ്കിലും അപകടങ്ങൾ നടക്കുമ്പോൾ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് പരിശോധനകൾ നടക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പറശ്ശിനിക്കടവിൽ ചൊവ്വാഴ്ച വൈകിട്ട് ആന്തൂർ നഗരസഭയുടെ ശൗചാലയസമുച്ചയവും വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറശ്ശിനിയിൽ ഒട്ടേറെ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആവേശമാണ് ബോട്ട്യാത്ര. എന്നാൽ കഴിഞ്ഞദിവസം വീണ്ടും ബോട്ടപകടമുണ്ടായതോടെ അത് ആശങ്കയായി മാറി. സുരക്ഷാമാനദണ്ഡം പാലിക്കാതെ യാത്രചെയ്യുന്നത് വാർത്തയാകുകയാണ്. ലൈഫ് ജാക്കറ്റുപോലും ഉപയോഗിക്കാത്ത യാത്രയാണ് നടക്കുന്നത്. പറശ്ശിനിക്കടവിലെ എല്ലാ ബോട്ടുകൾക്കും ലൈസൻസുണ്ടോയെന്ന് ആർക്കറിയാമെന്നും ഗോവിന്ദൻ പറഞ്ഞു. അപകടങ്ങൾ വരുമ്പോൾ പരിശോധന നടത്തും. പിന്നെയൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.