കൊളച്ചേരി :- കമ്പിലിൽ സ്ഥിതി ചെയ്യുന്ന എം എൻ ചേലേരി സ്മാരക കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിന് മുന്നിൽ വാക്കേറ്റം. പ്രവർത്തകർ സംഘടിച്ചെത്തി നേതാക്കളെ ഓഫീസിൽ കയറ്റാതെ തിരിച്ചയച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം സേവാദൾ മണ്ഡലം പ്രസിഡൻ്റായി ചുമതലയേറ്റ ഷംസുകൂളിയാലിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് മണ്ഡലം പ്രസിഡൻറ് ഓഫീസ് വിട്ടുനൽകാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പ്രസ്തുത സ്ഥാനാരോഹണ ചടങ്ങിന് മണ്ഡലം പ്രസിഡൻറ് ഓഫീസ് പൂട്ടി താക്കോൽ നൽകാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. തുടർന്ന് ഓഫീസിന് പുറത്ത് വച്ചാണ് സ്ഥാനാരോഹണ ചടങ്ങ് നടത്തിയത്.
ഇന്ന് മുൻ ബ്ലോക്ക് പ്രസിഡൻ്റായിരുന്ന സി ബാലകൃഷ്ണൻ മാസ്റ്ററുടെ അഞ്ചാം ചരമവാർഷിക ദിനമായിരുന്നു. വൈകിട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത് ഉൾപ്പെടെയുള്ളവർ ചടങ്ങിന് എത്തുകയും ചെയ്തിരുന്നു.പക്ഷെ കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടത്തോടെ എത്തി ബ്ലോക്ക് പ്രസിഡൻ്റ് കെ എം ശിവദാസൻ ഉൾപ്പെടെയുള്ള നേതാക്കളെ ഓഫീസിനു പുറത്ത് വച്ച് തടയുകയും പരിപാടി ഓഫീസിൽ വച്ച് നടത്തുന്നത് തടസ്സപ്പെടുത്തുകയുമാണ് ഉണ്ടായത്.ഏറെ നേരം പ്രവർത്തകരും നേതാക്കളും തമ്മിൽ വാക്ക് വാദം തുടരുകയും അവസാനം മണ്ഡലം കമ്മിറ്റി ഓഫീസിൽ പരിപാടി നടത്താനാവാതെ നേതാക്കൾ പിരിഞ്ഞു പോവുകയുമാണ് ഉണ്ടായത്.