കളരിവാതുക്കലിൽ ഇന്ന് ഭഗവതിയുടെ തിരുമുടി ഉയരും


വളപട്ടണം : കളരിവാതുക്കലിൽ ഇന്ന് ഭഗവതിയുടെ തിരുമുടി ഉയരും. കളരിവാതുക്കൽ ഭഗവതിയുടെ കൂറ്റൻ തിരുമുടി ഒരുങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുടി ഉയർത്തും. മുടി ഒരുക്കം ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. പുഴാതി, അഴീക്കോട്, കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് മുടി തീർത്തത്. കൂടെ ചിറക്കൽ പുറമേരി തറവാട്ടുകാരും മുടി തീർക്കാനെത്തി. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്ങ്, 16 വലിയ മുളകൾ എന്നിവ കൊണ്ടാണ് മുടി തീർത്തത്.

ചൊവ്വാഴ്ച ഉച്ചയോടെ ചുവപ്പും വെള്ളയും കലർന്ന ഉടയാടകൾ തിരുമുടിയിൽ ചാർത്തും. നാലിന് തിരുമുടി ക്ഷേത്ര ശ്രീകോവിലിന് മുമ്പിൽ എത്തിക്കും. 4.30-ന് മുഖ്യ കോലക്കാരനായ മൂത്താനിശ്ശേരി ബാബു പെരുവണ്ണാന്റെ തലയിലേറ്റും. തുടർന്ന് ക്ഷേത്രപാലകൻ, പാടിക്കുറ്റി, സോമേശ്വരി, ചുഴലി ഭഗവതി, കാളരാത്രി, തിരുവർക്കാട്ട് ഭഗവതി തുടങ്ങി ആറ് ചെറു തിറകളും മുറ്റത്തെത്തും. 16 വർഷങ്ങളായി മുത്താനിശ്ശേരി ബാബുവാണ് തിരുമുടി ഏൽക്കുന്നത്.



Previous Post Next Post