കണ്ണാടിപ്പറമ്പ് : കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ്
പെരുന്നാൾ ദിവസം കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും മറ്റും രാവിലെ മുതൽ നിരവധിപേർ പുല്ലൂപ്പിക്കടവിൽ എത്തിയിരുന്നു. പാർക്കിങ് ഏരിയ മതിയാകാതെ വന്നപ്പോൾ ടൂറിസം കേന്ദ്രത്തിനു പുറമെ റോഡിന് ഇരുവശത്തും പുല്ലൂപ്പി പാലത്തിനു മുകളിലും വാഹനങ്ങൾ നിർത്തിയിടുകയായിരുന്നു.
ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യ വാരമോ നാടിനു സമർപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. സൂര്യാസ്തമയം കാണാനുള്ള ഇരിപ്പിടങ്ങളോടുകൂടിയ പാർക്ക്, ചിത്രപ്പണികളോടെയുള്ള വിളക്കുകാലുകൾ, വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ, നടപ്പാതകൾ, സൈക്ലിങ് പാത, കരിയ, ഫ്ലോട്ടിങ് റസ്റ്റോറന്റ്, കടമുറികൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഇതുവരെ പൂർത്തിയായത്. മുംബൈയിൽ നിന്ന് ഇറക്കുമതി ചെയ്ത വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന 16 മീറ്റർ നീളമുള്ള പാലത്തോടുകൂടിയ ഫ്ലോട്ടിങ് ഡൈനിങ്ങുകളും സിങ്കിൾ ഡൈനിങ്ങുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകും. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടനപ്പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്തും സമൃദ്ധമായ പുല്ലൂപ്പിക്കടവ് സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല.