മയ്യിൽ പഞ്ചായത്ത് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ സ്ഥാപനം തുറന്നു തന്നെ! പഞ്ചായത്ത് ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കടയുടമ


മയ്യിൽ:- 
മയ്യിൽ പഞ്ചായത്ത് കഴിഞ്ഞ ദിവസം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ മത്സ്യ മാർക്കറ്റ് - ചിക്കൻ കട രാവിലെ തന്നെ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നു. പഞ്ചായത്ത് ഉത്തരവ് ഇന്നലെ തന്നെ കടയുടമയ്ക്ക് ലഭിച്ചിട്ടും കടയിൽ ഇന്ന് രാവിലെ തന്നെപൂർണ്ണമായും കച്ചവടം നടത്താനുള്ള മത്സ്യം എത്തിക്കുകയും കച്ചവടം തുടങ്ങുകയും ചെയ്തിരിക്കുകയാണ്.

 മയ്യിൽ ടൗണിൽ അമ്പലം റോഡിൽ സ്ഥിതി ചെയ്യുന്ന മത്സ്യ  മാർക്കറ്റ് - ചിക്കൻ സ്റ്റാളിൽ നിന്നുമുള്ള അഴുക്കു ജലം തൊട്ടടുത്ത കിണറിൽ ഒഴുക്കി കുടിവെള്ളം മലിനമാക്കുന്നതായി പരാതിയിൽ  കെ പി മുഹമ്മദ് എന്നവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് - ചിക്കൻ സ്റ്റാൾ എന്നിവ അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു.

 മത്സ്യ മാർക്കറ്റ് ,ചിക്കൻ സ്റ്റാൾ എന്നിവയിൽ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്ന വേസ്റ്റ് ടാങ്ക് കിണറിൽ നിന്നും നിശ്ചിത ദൂര പരിധി പാലിക്കാതെ ആണ് ഉള്ളത് എന്ന ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നതാണ്. റിപ്പോർട്ടിൽ സ്ഥാപന പരിസരത്ത് ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമാണ് എന്നും പറയുന്നുണ്ട്. അത് കൊണ്ട് ഇവ പ്രവർത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ  മത്സ്യ മാർക്കറ്റ് ചിക്കൻ സ്റ്റാൾ എന്നിവയുടെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കേണ്ടതാണ് എന്ന് ആവശ്യപ്പെട്ടാണ് മയ്യിൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഉത്തരവ് വെറും കടലാസിൽ ഒതുങ്ങുന്ന കാഴ്ചയാണ് മയ്യിലിൽ സംഭവിക്കുന്നതെന്ന് പരിസരത്തെ കടയുടമകൾ പറയുന്നു.സ്ഥാപനം പ്രവർത്തിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്ത് അധികൃതർ ഇതിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ അടക്കം സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു.

മയ്യിൽ പോസ്റ്റാഫീസ്, കാനറ ബേങ്ക്, വിശ്വഭാരതി  കോളേജ് അടക്കം 13 ഓളം കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള കിണർ ആണ് മലിനമായിരിക്കുന്നത് .ഈ കിണറിൽ നിന്നുമുള്ള വെള്ളം ടെസ്റ്റ് ചെയ്തതിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

 കുറച്ചുനാളുകൾക്കു മുമ്പ് ബാലവേല സംരക്ഷണ നിയമം പ്രകാരം ചൈൽഡ് പ്രൊട്ടക്ഷൻ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഇതേ സ്ഥാപനത്തിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ സ്ഥാപനത്തിൽ ബാലവേല നടക്കുന്നതിൻ്റെ വീഡിയോ തന്നെ പോലീസിനു നൽകുകയും മയ്യിൽ പോലീസിൻ്റെ അന്വേഷത്തിലും ബാലവേല നടക്കുന്നതായി കണ്ടെത്തുകയും ചെയ്തതാണ്.

ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി കടയുടെ പുറത്ത് വെച്ച് മത്സ്യ വില്പന നടത്തുക,തികച്ചും വൃത്തികമായ സാഹചര്യത്തിൽ മത്സ്യവും മാംസവും കച്ചവടം ചെയ്യുക , കെട്ടിടത്തിലേയും സമീപ പ്രദേശങ്ങളിലേയും കുടിവെള്ള സ്രോതസ് മലീന പെടുത്തുക  തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി നാട്ടുകാർ ഇതിനകം തന്നെ കടയ്ക്കെതിരെ നിരവധി പരാതി രേഖപ്പെടുത്തിയിരുന്നു.


Previous Post Next Post