കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിനെ നയിക്കാൻ ഇനി കുട്ടി മന്ത്രിപ്പട ; വോട്ടെടുപ്പ് പൂർത്തിയായി


കുറ്റ്യാട്ടൂർ :- മറ്റ് സ്കൂൾ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഒരു മന്ത്രിസഭ തെരഞ്ഞെടുപ്പ് തന്നെ നടത്തിയിരിക്കുകയാണ് കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂൾ. സ്പീക്കർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ് ഇന്ന് സ്കൂളിൽ തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വോട്ട് ചെയ്തു. പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിലെ ഈ മാതൃകാ തെരഞ്ഞെടുപ്പ്.
സ്കൂളിൽ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ മുൻ ദിവസങ്ങളിലേ നൽകിയിരുന്നു. തുടർന്ന് സ്ഥാനാർഥികളെ പിൻ താങ്ങുന്ന കുട്ടികളുടെ പേര് ഉൾപ്പടെയുള്ള നാമനിർദേശ പട്ടിക കുട്ടികൾ സമർപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം സ്‌കൂളിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. ഓരോ സ്ഥാനാർഥികളുടെയും ചിഹ്നങ്ങൾ വരച്ച കൊടികൾ കാട്ടിയും വാഗ്ദാനങ്ങൾ നൽകിയുമാണ് പ്രചരണം നടത്തിയത്.

തെരഞ്ഞെടുപ്പിന്റെ തലേദിവസം കലാശക്കൊട്ടും സ്ഥാനാർഥികളുടെ ഒരു പൊതുസമ്മേളനവും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്‌കൂളിന് വേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥാനാർഥികൾ പൊതുസമ്മേളനത്തിൽ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. പോളിങ് ഓഫീസർമാരോടൊപ്പം സഹായികളായി ഓരോ ബൂത്തിലും മൂന്ന് വീതം കുട്ടി പോലീസുകാരും ഉണ്ടായിരുന്നു.

വോട്ടർമാരുടെ പേര് വിളിച്ച് ഒപ്പ് ഇടീക്കുന്നതും വോട്ട് ചെയ്ത ശേഷം കയ്യിൽ മഷി പുരട്ടുന്നതും ഉൾപ്പടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയകളും നിയന്ത്രിച്ചത് പ്രത്യേക ടാഗുകൾ അണിഞ്ഞ കുട്ടി പോളിങ് ഓഫീസർമാർ തന്നെയായിരുന്നു.

സ്കൂളിലെ 'നിരീക്ഷ' എന്ന ന്യൂസ് ഏജൻസിയുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നും നാളെയുമായി പുറത്തുവിടും. ഇത് കൈകാര്യം ചെയ്യുന്നതും കുട്ടികൾ തന്നെ. വോട്ടെണ്ണുന്നതും കുട്ടികൾ തന്നെയാണ്. വോട്ടെണ്ണലിന് ശേഷം സ്കൂളിലെ ഒന്നാം മന്ത്രിസഭയെ പ്രഖ്യാപിക്കും. തുടർന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്കൂളിലെ മന്ത്രിമാർ അവരുടെ ഓരോ വകുപ്പുകൾക്ക് കീഴിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വിലയിരുത്തിക്കൊണ്ട് എല്ലാ മാസവും മന്ത്രിസഭ യോഗം വിളിച്ചു ചേർക്കാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ക്ലാസ് ലീഡർമാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മന്ത്രിസഭയിലെ എം. എൽ. എ മാരായി തുടരും.

പൂർണ്ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. കുട്ടികൾക്ക് തെരഞ്ഞെടുപ്പ് എന്താണെന്നും തെരഞ്ഞെടുപ്പിന്റെ ഓരോ പ്രക്രിയകളും എങ്ങനെയാണ് നടക്കുന്നതെന്നും കൃത്യമായി മനസിലാക്കി കൊടുക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ സാധ്യമായിട്ടുണ്ടെന്ന് സ്കൂളിലെ നിയാസ് മാഷ് പറയുന്നു.











Previous Post Next Post