കർക്കടക വാവ്: ബലിതർപ്പണത്തിന് ഒരുക്കങ്ങളായി

 


 കണ്ണൂർ: -കർക്കടക വാവ് ദിനത്തിലെ ബലി തർപ്പണത്തിന് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്ന് ശാന്തിമാരെയും 25 പരികർമികളെയും ബലി തർപ്പണ ചടങ്ങുകൾക്കായി നിയോഗിച്ചു. രാവിലെ 6.30 മുതൽ ബലി തർപ്പണം നടത്താം. ഇതിന് പുറമെ തിലഹവനം, വിഷ്ണു പൂജ എന്നിവയും നടത്താനുള്ള സൗകര്യമുണ്ട്.

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തോട്ടട കടപ്പുറത്ത് ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. രാവിലെ 6.30 മുതൽ ചെയ്യാം. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ബലി തർപ്പണം നടക്കും. രാവിലെ അഞ്ചിന് ബലിക്രിയ തുടങ്ങും.

തലായി കടൽത്തീരത്ത് തിങ്കളാഴ്ച രാവിലെ 6 മുതൽ 11 വരെ പിതൃതർപ്പണം നടക്കും. തലായി ബാലഗോപാല സേവാ സംഘവും തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയുമാണ് പിതൃതർപ്പണ സൗകര്യം ഒരുക്കുന്നത്.

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. പിണ്ഡ കുളത്തിൽ പുലർച്ചെ 4 മുതൽ തർപ്പണം ആരംഭിക്കും. 4.30-ന് പ്രസാദ വിതരണം തുടങ്ങും. ടോക്കൺ പ്രകാരമാണ് ആളുകളെ നിയന്ത്രിക്കുക.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ   ശിവക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് കർക്കിടക സംക്രമനാളായ ഞായറാഴ്ച വൈകുന്നേരം 5.45ന് മേൽശാന്തി ഇ.എൻ.നാരായണൻ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് സമാരംഭം കുറിച്ചു.എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ പാരായണം നടക്കും.

Previous Post Next Post