മയ്യിൽ അമ്പലം റോഡിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ പഞ്ചായത്ത് ഉത്തരവ്; അറവ് മാലിന്യം കിണർ വെള്ളം മലിനമാക്കുന്നതായി ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ


മയ്യിൽ :-
മയ്യിൽ ടൗണിലെ വേളം അമ്പലം റോഡിൽ സ്ഥിതി ചെയ്യുന്ന മത്സ്യ  മാർക്കറ്റ് - ചിക്കൻ സ്റ്റാളിൽ നിന്നുമുള്ള അഴുക്കു ജലം തൊട്ടടുത്ത കിണറിലെ കുടിവെള്ളം മലിനമാക്കുന്നതായ പരാതിയിൽ  കെ പി മുഹമ്മദ് എന്നവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് - ചിക്കൻ സ്റ്റാൾ എന്നിവ അടച്ചുപൂട്ടാൻ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി.

ഇതേ സ്ഥാപനം അടച്ചുപൂട്ടാൻ കഴിഞ്ഞ മാസവും മയ്യിൽ പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു. അപ്രകാരം അടച്ചു പൂട്ടിയ കട പിന്നീട് കടയുടമ ആരോഗ്യ വകുപ്പു നിർദ്ദേശിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും തുടർന്ന് തുറന്നു പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിൻ്റെ അനുമതി ലഭിക്കുകയുമായിരുന്നു.തുടർന്ന് ആഴ്ചകൾക്ക് ശേഷം ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കടയുടമ മുൻ വ്യവസ്ഥകൾ ലംഘിച്ച് സിമൻ്റ് ഉപയോഗിച്ച് അടച്ച ഹോളുകൾ പൊളിച്ചുനീക്കി പഴയ കുഴിയിലേക്ക് തന്നെ വീണ്ടും മലിനജജലം ഒഴുക്കിവിടുന്നതായി കണ്ടെത്തുകയും ചെയ്തു.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന പ്രവൃത്തികൾ കടയുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനാൽ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ ദിവസം മത്സ്യ മാർക്കറ്റിൻ്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.

 മത്സ്യ മാർക്കറ്റ് ,ചിക്കൻ സ്റ്റാൾ എന്നിവയിൽ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്ന വേസ്റ്റ് ടാങ്ക് കിണറിൽ നിന്നും നിശ്ചിത ദൂര പരിധി പാലിക്കാതെ ആണ് ഉള്ളത് എന്ന് ഹെൽത്ത് ഇൻസ്പെക്ടർ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ സ്ഥാപന പരിസരത്ത് ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമാണ് എന്നും പറയുന്നുണ്ട്. അത് കൊണ്ട് ഇവ പ്രവർത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

മയ്യിൽ പോസ്റ്റാഫീസ്, കാനറ ബേങ്ക്, വിശ്വഭാരതി  കോളേജ് അടക്കം 13 ഓളം കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള കിണർ ആണ് മലിനമായിരിക്കുന്നത് .ഈ കിണറിൽ നിന്നുമുള്ള വെള്ളം ടെസ്റ്റ് ചെയ്തതിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.


Previous Post Next Post